തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കരുത്: തൊഴിലുറപ്പ് തൊഴിലാളി കോണ്ഗ്രസ്
1496320
Saturday, January 18, 2025 6:12 AM IST
സുൽത്താൻ ബത്തേരി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളി കോണ്ഗ്രസ്(ഐഎൻടിയുസി) ജില്ലാ പ്രവർത്തക കണ്വൻഷൻ ആവശ്യപ്പെട്ടു. പദ്ധതിയിൽ ഒരു കുടുംബത്തിന് വർഷം 50 തൊഴിൽദിനങ്ങൾപോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് കണ്വൻഷൻ ചൂണ്ടിക്കാട്ടി.
വർഷത്തിൽ ഓരോ തൊഴിലാളിക്കും 200 തൊഴിൽദിനങ്ങൾ ലഭ്യമാക്കുക, കൂലി 700 രൂപയാക്കുക, ജോലി സമയത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുക, ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ജിനി തോമസ് അധ്യക്ഷത വഹിച്ചു. ജയ മുരളി, മേഴ്സി സാബു, രാധ രാമസ്വാമി, കെ. അജിത, ബി. സുരേഷ് ബാബു, ഉമ്മർ കുണ്ടാട്ടിൽ, ശ്രീനിവാസൻ തൊവരിമല, പി.എൻ. ശിവൻ, കെ.കെ. രാജേന്ദ്രൻ, വർഗീസ് നെൻമേനി, താരിഖ് കടവൻ, ജിജി അലക്സ് എന്നിവർ പ്രസംഗിച്ചു.