മുള്ളൻകൊല്ലിയിലെ കരിങ്കൽ ഖനനം: പരാതികൾ മനുഷ്യാവകാശ കമ്മീഷൻ തീർപ്പാക്കി
1496319
Saturday, January 18, 2025 6:12 AM IST
കൽപ്പറ്റ: മുള്ളൻകൊല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ കരിങ്കൽ ഖനനവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി. ക്വാറികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികൾ തീർപ്പാക്കിയാണ് കമ്മീഷൻ നിർദേശം.
പരാതിക്കാരുടെ ആശങ്ക അസ്ഥാനത്ത് അല്ലെന്നു നിരീക്ഷിച്ച കമ്മീഷൻ അനധികൃത ഖനനത്തിന് എതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
പരാതികളിൽ കമ്മീഷൻ ജില്ലാ കളക്ടറുടെ വിശദീകരണം തേടിയിരുന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ഖനനം നടക്കുന്നത് അനുമതിയോടെയാണെന്നും ക്വാറികൾ പ്രവർത്തിക്കുന്ന പ്രദേശങ്ങൾ ദുരന്തസാധ്യതാമേഖലയിൽ ഉൾപ്പെടുന്നതല്ലെന്നും കളക്ടർ മനുഷ്യാവകാശ കമ്മീഷനു നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അഡ്വ.പി.ഡി. സജി, ഷൈജു പഞ്ഞിത്തോപ്പിൽ, പുഷ്പലത നാരായണൻ, ഷിജോ മാപ്ലശേരി, പി.കെ. ജോസ് എന്നിവരുടെ പരാതികളാണ് കമ്മീഷൻ തീർപ്പാക്കിയത്.