നഷ്ടപരിഹാരം നൽകാത്ത വെൽഡർക്ക് തടവുശിക്ഷ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
1496606
Sunday, January 19, 2025 7:45 AM IST
കൽപ്പറ്റ: വീടിന്റെ മേൽക്കൂര തകർന്ന കേസിൽ നഷ്ടം നൽകാൻ തയാറാകാത്ത അന്പലവയൽ സ്വദേശിയായ വെൽഡർക്ക് രണ്ടുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.
പ്രവൃത്തി നടത്തി ഒരാഴ്ചക്കുള്ളിലാണ് മേൽക്കൂര തകർന്നത്. ഇതുമൂലം വാട്ടർ ടാങ്ക്, ചിമ്മിനി, പാത്തി എന്നിവ നശിച്ചു. ഇതേത്തുടർന്നാണ് വീട്ടുടമ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. കേസിൽ കമ്മീഷൻ 5.02 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു.
നിരവധി അവസരം നൽകിയിട്ടും പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ വെൽഡർ തയാറായില്ല. ഇതേത്തുടർന്ന് കമ്മീഷൻ വാറന്റ് പുറപ്പെടുവിച്ച് അന്പലവയൽ പോലീസ് മുഖേന വെൽഡറെ അറസ്റ്റ് ചെയ്യിച്ചു.
പിഴ അടച്ചില്ലെങ്കിൽ വെൽഡർ ആറുമാസം അധികം തടവ് അനുഭവിക്കണം. കമ്മീഷൻ പ്രസിഡന്റ് ഇൻ ചാർജ് എം. ബീന, അംഗം എ.എസ്. സുഭഗൻ എന്നിവരാണ് ശിക്ഷ വിധിച്ചത്.