റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി എ.കെ. ശശീന്ദ്രൻ സല്യൂട്ട് സ്വീകരിക്കും
1497193
Tuesday, January 21, 2025 8:00 AM IST
കൽപ്പറ്റ: എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ ജനുവരി 26ന് രാവിലെ ഒൻപതിന് നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ വനംവന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ സല്യൂട്ട് സ്വീകരിക്കും.
പരിപാടികൾ ഹരിതചട്ടം പാലിച്ച് സമുചിതമായി സംഘടിപ്പിക്കും. റിപ്പബ്ലിക്ദിന പരേഡിൽ സായുധസേനാ വിഭാഗങ്ങൾ, എൻസിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, ജെആർസി ഉൾപ്പെടെ 24 പ്ലറ്റൂണുകൾ പങ്കെടുക്കും. തൃക്കൈപ്പറ്റ ഗവ ഹൈസ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഗോത്രനൃത്തം, സുൽത്താൻ ബത്തേരി അസംഷൻ സ്കൂളിലെ വിദ്യാർഥികളുടെ ദേശഭക്തിഗാനം, ചിൽഡ്രൻസ് ഹോം വിദ്യാർഥികളുടെ യോഗ ഡാൻസ്, തിരുനെല്ലി ബഡ്സ് പാരഡൈസ് സ്പെഷൽ സ്കൂൾ, തോണിച്ചാൻ എമ്മാവൂസ് സ്കൂൾ വിദ്യാർഥികളുടെ ബാൻഡ് മേളവും നടക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ അവലോകന യോഗത്തിൽ അറിയിച്ചു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേബറിൽ നടന്ന യോഗത്തിൽ എഡിഎം കെ. ദേവകി, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.