എൽ.കെ. ഇല്ലുമിനേഷൻ അവാർഡ് അദ്വൈത് എസ്. കൃഷ്ണയ്ക്ക്
1497187
Tuesday, January 21, 2025 8:00 AM IST
കുപ്പാടിത്തറ: കുറുന്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ.കെ. ഇല്ലുമിനേഷൻ 2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥി അദ്വൈത് എസ്. കൃഷ്ണ അർഹനായി.
ആയിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വയനാട് ജില്ലയിലെ ഗവണ്മെന്റ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.
റോഡ് സുരക്ഷാ ബോധവത്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമാണ മത്സരത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു. അനിമേഷൻ മേഖലകളിൽ പ്രതിഭയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം ഒരുക്കുന്നത്.