പരിസ്ഥിതി സംവേദക മേഖല: ഗൂഡല്ലൂരിൽ പ്രതിഷേധം ശക്തം
1496611
Sunday, January 19, 2025 7:45 AM IST
ഗൂഡല്ലൂർ: മുതുമല കടുവാസങ്കേതത്തിനു രണ്ട് കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങൾ പരിസ്ഥിതി സംവേദക മേഖലയായി വിജ്ഞാപനം ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. ജനങ്ങൾക്ക് ദോഷം ചെയ്യുന്ന വിധത്തിൽ പരിസ്ഥിതി സംവേദ മേഖല വിജ്ഞാപനം ചെയ്യുന്നതിതിൽനിന്നു അധികൃതർ പിൻവാങ്ങണമെന്ന ആവശ്യം വിവിധ കോണുകളിൽ ഉയർന്നു.
പരിസ്ഥിതി സംവേദക മേഖല നിർണയവുമായി ബന്ധപ്പെട്ട് ജനങ്ങളിൽനിന്നു അഭിപ്രായം തേടുന്നതിന് നാളെ ഗൂഡല്ലൂർ ജാനകിയമ്മാൾ കല്ല്യാണമണ്ഡപത്തിൽ വനം-വന്യജീവി വകുപ്പ് പ്രത്യേക ക്യാന്പ് നടത്തുന്നുണ്ട്.
നേരത്തേ ജീൻപൂളിൽ തീരുമാനിച്ച ക്യാന്പാണ് ഗൂഡല്ലൂരിലേക്ക് മാറ്റിയത്. മുതുമല വന്യജീവി സങ്കേതത്തിന്റെ അതിർത്തിക്കു രണ്ട് കിലോമീറ്റർ പരിധിയിൽ ഗൂഡല്ലൂർ ടൗണ് ഉൾപ്പെടെ ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടും. പരിസ്ഥിതി സംവേദക മേഖലയിൽ ബാധകമാക്കുന്ന നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കും. ഈ സാഹചര്യത്തിൽ കൃഷിയും ആൾത്താമസവുമുള്ള പ്രദേശങ്ങൾ പൂർണമായും ഒഴിവാക്കി പരിസ്ഥിതി സംവേദക മേഖല നിർണയിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
നീലഗിരിയിലെ ജനങ്ങളുടെ പൊതു താത്പര്യത്തിനു വിരുദ്ധമായ തീരുമാനങ്ങളാണ് അടുത്തകാലത്ത് വനം-വന്യജീവി വകുപ്പ് എടുക്കുന്നതും നടപ്പാക്കുന്നതും. ഇതിനെതിരേ ഡിഎംകെ മുന്നണി രംഗത്ത് വന്നിട്ടുണ്ട്. കോണ്ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ തുടങ്ങിയ പാർട്ടികൾ അടങ്ങുന്നതാണ് ഡിഎകെ മുന്നണി. പരിസ്ഥിതി സംവേദക മേഖല വിജ്ഞാപനം ചെയ്യാനുള്ള നീക്കം റദ്ദാക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേർന്ന മുന്നണി യോഗം ഉന്നയിച്ചു. പ്രശ്നത്തിന് പരിഹാരമാകുന്നില്ലെങ്കിൽ 21ന് ഗൂഡല്ലൂർ മണ്ഡലത്തിൽ ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു.
എൻ. വാസു അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എം. ദ്രാവിഡമണി, ഇളഞ്ചഴിയൻ, എ. ലിയാക്കത്തലി, കെ. ഹംസ, ശിവരാജ്, യാസീൻ, കെ.കെ. കുഞ്ഞിമുഹമ്മദ്, എ. മുഹമ്മദ് ഗനി, കെ. സഹദേവൻ, വി.കെ. ഹനീഫ, ഭുവനേശ്വരൻ, സാദിഖ് ബാബു എന്നിവർ പ്രസംഗിച്ചു.
ഷംസുദ്ദീൻ ഗൂഡല്ലൂർ