ക്ഷീര കർഷകർക്കുള്ള കറവ സംരക്ഷണ പദ്ധതി തുടങ്ങി
1496040
Friday, January 17, 2025 5:41 AM IST
പുൽപ്പള്ളി: കാലിത്തീറ്റയുടെ വിലവർധനവും തീറ്റവസ്തുക്കളുടെ ദൗർലഭ്യവുംമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷീരകർഷകർക്ക് കറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം ആരംഭിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2024-25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ, എസ്ടി വിഭാഗത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 500 ഓളം ക്ഷീര കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
പ്രതിമാസം 100 കിലോ കാലിത്തീറ്റ എന്ന ക്രമത്തിൽ മൂന്നുമാസം കാലിത്തീറ്റവിതരണം ചെയ്യുന്ന പദ്ധതിയാണിത്. 25 ലക്ഷത്തോളം രൂപയാണ് വാർഷിക പദ്ധതിയിൽ ഈ ഇനത്തിൽ ഗ്രാമപഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. 50 ശതമാനം തുക ഗുണഭോക്താക്കൾ അടയ്ക്കണം. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ക്ഷീരകർഷകർക്ക് സൗജന്യമായാണ് കാലിത്തീറ്റ വിതരണം ചെയ്യുക.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ടി. കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ശ്രീദേവി മുല്ലക്കൽ, വാർഡ് അംഗങ്ങളായ ജോമറ്റ് കോതവഴിക്കൽ, ജോഷി ചാരുവേലിൽ തുടങ്ങിയവർ സംബന്ധിച്ചു. പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ.കെ.എസ്. പ്രേമൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി.കെ. സുനിത തുടങ്ങിയവർ നേതൃത്വം നൽകി.