പിടിതരാതെ കടുവ: തെരച്ചിൽ ശക്തമാക്കി
1495283
Wednesday, January 15, 2025 5:26 AM IST
പുൽപ്പള്ളി: ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വനം വകുപ്പ് നടത്തുന്ന പരിശോധനയിലും അമരക്കുനി മേഖലയെ വിറപ്പിക്കുന്ന കടുവയെ പിടികൂടാനായില്ല. ശക്തമായ പരിശോധനയ്ക്കിടയിലും ജനവാസ മേഖലകളിൽ ഇറങ്ങി കടുവയുടെ ആക്രമണം തുടരുകയാണ്. ഇന്നലെ വീണ്ടുംകൂട്ടിൽ കെട്ടിയ ആടിനെ കടുവ കൊന്നു.
ആടിക്കൊല്ലിക്ക് സമീപം ഉൗട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെയാണ് ഇന്നലെ പുലർച്ച രണ്ടോടെ കടുവ ആക്രമിച്ച് കൊന്നത്. ആടിന്റെ അലർച്ച കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ടതിനെ തുടർന്ന് പിടികൂടിയ ആടിനെ ഉപേക്ഷിച്ച് കടുവ കൃഷിയിടത്തിലേക്ക് പോകുകയായിരുന്നു. അഞ്ച് വയസ് പ്രായമുള്ള കറവയുള്ള ആടിനെയാണ് കടുവ പിടിച്ചത്.
വിവരം വനംവകുപ്പിനെ അറിയിച്ചതിനെത്തുടർന്ന് വീടിന് സമീപത്തായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ അമരക്കുനി, ഊട്ടിക്കവല, തൂപ്ര, മേഖലകളിൽ നാല് ആടുകളെയാണ് കടുവ പിടികൂടിയത്.
ഇന്നലെ തെർമൽ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിൽ കടുവയെ കണ്ടെങ്കിലും കാപ്പിത്തോട്ടത്തിലേക്ക് മറിഞ്ഞതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മയക്കുവെടിവയ്ക്കാൻ കഴിഞ്ഞില്ല. പ്രദേശവാസികൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു. അനുകൂല സാഹചര്യം വരികയാണെങ്കിൽ മയക്കുവെടിവയ്ക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.
ഡോ. അരുണ്‍ സക്കറിയയും ഡയറക്ടർ അജേഷ് മോഹൻ ദാസിന്റേയും നേതൃത്വത്തിലുള്ള മയക്കുവെടി സംഘം പ്രദേശത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ഉൗട്ടിക്കവലയ്ക്ക് സമീപത്തെ കൃഷിയിടത്തിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ വിവരം നൽകിയതോടെ കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കടുവയെ ലൊക്കേറ്റ് ചെയ്ത് പിടികൂടുന്നതിനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്.
ദിവസങ്ങളായിട്ടും കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ തയാറാകാത്ത വനംവകുപ്പിനെതിരേ കർഷകരുടെ പ്രതിഷേധം ശക്തമായതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കനത്ത പോലീസ് സന്നാഹം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.
ജനങ്ങളുടെ ആശങ്ക വർധിച്ചിരിക്കുകയാണെന്നും കടുവയെ പിടികൂടാൻ ഇനിയും വനം വകുപ്പ് തയാറായില്ലങ്കിൽ ജനം പ്രക്ഷോഭത്തിലേക്ക് പോകുമെന്നും ജനപ്രതിനിധികൾ അടക്കമുള്ളവർ മുന്നറിയിപ്പ് നൽകി. പകൽ സമയത്ത് പോലും ജനം പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. പ്രദേശത്തെ കുട്ടികളെല്ലാം പുറത്തുപോയിട്ട് ദിവസങ്ങളായെന്നും പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ പറഞ്ഞു.