കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം
1496033
Friday, January 17, 2025 5:41 AM IST
പുൽപ്പള്ളി: ആഴ്ചകളായി ജനവാസകേന്ദ്രത്തിലിറങ്ങി ഭീതി പരത്തുന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് തയാറാകാത്തതിൽ പ്രതിഷേധം ശക്തമായി. ഇന്നലെ പുൽപ്പള്ളി മണ്ഡലം കോണ്ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുൽപ്പള്ളി ചെതലയം റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരന്പി.
കഴിഞ്ഞ പത്ത് ദിവസമായി അമരക്കുനി, ഉൗട്ടിക്കവല, തൂപ്ര, അന്പത്താറ്, ദേവർഗദ്ദ, ആച്ചനഹള്ളി പ്രദേശങ്ങളിലിറങ്ങിയ കടുവ അഞ്ച് ആടുകളെയാണ് കൊന്നത്. എന്നിട്ടും ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വനംവകുപ്പ് തയാറാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു കോണ്ഗ്രസ് പ്രതിഷേധം. കെപിസിസി എക്സിക്യുട്ടീവ് അംഗം കെ.എൽ. പൗലോസ് മാർച്ച് ഉദ്ഘാടനം ചെയ്തു.
ജനവാസകേന്ദ്രത്തിലിറങ്ങി ജനങ്ങൾക്ക് ഭീഷണിയായി മാറിയ കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ അനുമതി നൽകിയിട്ടും വനംവകുപ്പ് ഉദാസീനത തുടരുകയാണ്. പ്രദേശത്തെ കൃഷിഭൂമികളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിൽ കണ്ടിട്ടും മയക്കുവെടി വയ്ക്കാൻ തയാറാകുന്നില്ല. ഇനിയും കടുവയെ പിടികൂടാൻ വനംവകുപ്പ് തയാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കടുവയെ പിടികൂടുന്നതിനായി കുംകിയാനകളെ എത്തിച്ചും ഡ്രോണുകളുടെ സഹായത്തോടെയും വനംവകുപ്പ് തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും കടുവയെ കണ്ടില്ലെന്നാണ് പറയുന്നത്. കർഷകർ കടുവയെ കണ്ട് വനംവകുപ്പിനെ അറിയിച്ചാലും മണിക്കൂറുകൾക്ക് ശേഷമാണ് വനംവകുപ്പ് സ്ഥലത്തെത്തുന്നതെന്നും 24 മണിക്കൂറും മയക്കുവെടി സംഘം പ്രദേശത്ത് ക്യാന്പ് ചെയ്ത് കടുവയെ എത്രയും വേഗം പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുൽപ്പള്ളി രാജീവ്ഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് റേഞ്ച് ഓഫീസ് പരിസരത്ത് ഗേറ്റിന് മുന്പിൽ പോലീസ് കയറുകെട്ടി തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, ബീന ജോസ്, ബിനു തോമസ്, മീനങ്ങാടി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, ശിവരാമൻ പാറക്കുഴി,
ടി.എസ്. ദിലീപ്കുമാർ, ഇ.എ. ശങ്കരൻ, പരിതോഷ് കുമാർ, മണി പാന്പനാൽ, റെജി പുളിങ്കുന്നേൽ, സിജു പൗലോസ്, ജോമറ്റ് കോതവഴിക്കൽ, ടി.പി. ശശീന്ദ്രൻ, കെ.എം. എൽദോസ്, ശോഭനാ സുകു, രാജു ചേകാടി, ഷിജോ കൊട്ടുകാപ്പള്ളി, സാബു ഫിലിപ്പ്, ഏലിക്കുട്ടി, രചിത്ര, ജയ കുട്ടപ്പൻ, അർച്ചന ജയൻ എന്നിവർ പ്രസംഗിച്ചു.