ഫുട്ബോൾ പരിശീലന പദ്ധതിയുമായി ട്രെൻഡ്സ് സ്പോർട്സ് എഫ്എസി
1495748
Thursday, January 16, 2025 5:55 AM IST
കൽപ്പറ്റ: ജില്ലയിൽ ഗവ, എയ്ഡസ് സ്കൂളുകളിൽ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്നതിൽ ഫുട്ബോൾ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകാൻ പദ്ധതിയുമായി ട്രെൻഡ്സ് ഫുട്ബോൾ എഫ്.സി. സംസ്ഥാന, ജില്ലാ ഫുട്ബോൾ അസോസിയേഷനുകൾ, ജില്ലാ വിദ്യാഭ്യാസ വകുപ്പ്, വയനാട് ഫുട്ബോൾ ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നതെന്ന് ഭാരവാഹികളായ ഷെഫീഖ് ഹസൻ, സലിം കടവൻ, പി.കെ. ഷാജി, നാസർ കുരുണിയൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി പ്രൈമറി സ്കൂൾ ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിച്ച് വിദ്യാഭ്യാസ ഉപജില്ലാതലത്തിലും പിന്നീട് ജില്ലാ തലത്തിലും ടൂർണമെന്റ് സംഘടിപ്പിക്കും. 2015 ജനുവരി ഒന്നിനുശേഷം ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാം.
ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലെയും 20 വീതം സ്കൂൾ ടീമുകൾക്കാണ് ഫെബ്രുവരി ആദ്യവാരം നടത്തുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം. ഓരോ ഉപജില്ലയിലും 30 വീതം കുട്ടികളെ സ്ഥിരം പരിശീലന ക്യാന്പിലേക്ക് തെരഞ്ഞെടുക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ജഴ്സിയും ഷോർട്സും സൗജന്യമായി നൽകും. വിശദവിവരത്തിന് 8848010702, 9447411702 എന്നീ നന്പറുകളിൽ വിളിക്കാം.