ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്താനാകാത്തത് ജനങ്ങളെ ആശങ്കയിലാക്കുന്നു
1495733
Thursday, January 16, 2025 5:31 AM IST
പുൽപ്പള്ളി: നാട്ടിലിറങ്ങിയ കടുവയെ കണ്ടെത്താൻ വനംവകുപ്പ് തെരിച്ചിൽ തുടരുന്പോഴും കടുവ കാണാമറയത്ത്. കഴിഞ്ഞ ഒൻപത് ദിവസമായി അമരക്കുനി, ദേവർഗദ്ദ, തൂപ്ര, ഉൗട്ടിക്കലവ മേഖലകളിൽ അഞ്ച് വളർത്തു മൃഗങ്ങളെയുൾപ്പെടെ പിടികൂടിയ കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ വനംവകുപ്പ് ഈ മാസം പത്തിനാണ് ഉത്തരവിട്ടത്. തുടർന്ന് ആറ് ദിവസമായി കടുവയ്ക്കായി തെരച്ചിൽ ശക്തമാക്കിയിട്ടും കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ വനംവകുപ്പിനായിട്ടില്ല.
കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി മൂന്ന് ആടുകളെയാണ് കടുവ കൊന്നത്. വീട്ടുകാർ ബഹളംവച്ചതിനെ തുടർന്ന് ആടുകളെ ഉപേക്ഷിച്ച് കടുവ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കടുവയെ കണ്ടെത്തുന്നതിനായി തെർമൽ സ്കാനർ കാമറയുള്ള ഡ്രോണ്‍ ഉയോഗിച്ച് നിരീക്ഷണം നടത്തി കടുവയെ കണ്ടെങ്കിലും മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ല.
കടുവ കാടുപിടിച്ച സ്ഥലങ്ങളിലും കാപ്പിത്തോട്ടങ്ങളിലുമായതിനാലാണ് പിടികൂടാൻ കഴിയാത്തതെന്നും തുറസായ സ്ഥലത്തെത്തിയാൽ മാത്രമേ മയക്കുവെടിവയ്ക്കാൻ കഴിയുകയുള്ളൂ എന്നുമാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. കടുവയെ ജനവാസ മേഖലയിൽ തെരയുന്നതിനായി മുത്തങ്ങയിൽ നിന്നു കുംകിയാനകളെ ഉൾപ്പെടെ എത്തിച്ചെങ്കിലും ഇതുവരെ തെരച്ചിലിനായി ഉപയോഗിച്ചില്ല.
ദിവസങ്ങളായി കൃഷിയിടങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും വനംവകുപ്പ് കടുവയെ പിടികൂടുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം ഉൗട്ടിക്കവലയിൽ കോഴി ഫാമിന് സമീപം കടുവയെ നാട്ടുകാർ കണ്ടതിനെ തുടർന്ന് വനംവകുപ്പ് അധികൃതരെ അറിയിച്ചു. എന്നാൽ, ഡോക്ടർമാർ സ്ഥലത്തില്ലാത്തതിനാൽ ഉടൻ മയക്കുവെടിവയ്ക്കാൻ കഴിഞ്ഞില്ല. ഡോക്ടർമാരെത്തിയശേഷം ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഉൗട്ടിക്കവലയിൽ വനംവകുപ്പ് സംഘം തെരച്ചിൽ നടത്തുന്പോഴാണ് രാത്രി 11.30ഓടെ തൂപ്ര അങ്കണവാടിക്ക് സമീപമുള്ള ചന്ദ്രന്റെ കൂട്ടിലെ ആടിനെ കടുവ കൊന്നത്. തുടർന്ന് വനംവകുപ്പ് ഈ മേഖലയിൽ കടുവയെ കണ്ടെത്തിയെങ്കിലും കടുവ പിന്നീട് വെള്ളക്കെട്ട് ഭാഗത്തേക്ക് നീങ്ങിയതും വനംവകുപ്പിന് തലവേദനയായി.
സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്റെയും ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുണ്‍ സഖറിയയുടേയും നേതൃത്വത്തിൽ ആടിക്കൊല്ലി, തൂപ്ര മേഖലകളിൽ തെരച്ചിൽ തുടരുകയാണ്. കടുവയെ ഉടൻ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമം ഉൗർജിതപ്പെടുത്തിയതായി ഡിഎഫ്ഒ പറഞ്ഞു.
ഇതിനിടെ ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും കടുവയെ പിടികൂടാൻ തയാറാകാത്തതിനെതിരേ മേഖലയിൽ പ്രതിഷേധം ശക്തമായതോടെ ജില്ലാ ഭരണകൂടം പ്രദേശത്തെ മൂന്ന് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും വനംവകുപ്പിനോട് സഹകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വനംവകുപ്പിനെ സഹായിക്കുന്നതിനായി പ്രദേശത്ത് പോലീസും ക്യാന്പ് ചെയ്യുന്നുണ്ട്.