പുഞ്ചിരിമട്ടം ദുരന്തബാധിതർക്ക് സംരംഭങ്ങൾ തുടങ്ങാന്‍ വേൾഡ് മലയാളി കൗണ്‍സിലിന്റെ സഹായം
1496038
Friday, January 17, 2025 5:41 AM IST
കൽപ്പറ്റ: പുഞ്ചരിമട്ടം ഉരുൾ ദുരന്തബാധിത കുടുംബങ്ങൾക്ക് ജീവിതമാർഗം തുറന്നുകൊടുക്കുന്നതിന് പദ്ധതിയുമായി വേൾഡ് മലയാളി കൗണ്‍സിൽ. ദുരന്തബാധിത കുടുംബങ്ങളെ മൈക്രോ സംരംഭങ്ങൾ തുടങ്ങുന്നതിനടക്കം സാന്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് കൗണ്‍സിൽ നടപ്പാക്കുന്നതെന്ന് ഗ്ലോബൽ പ്രസിഡന്റ് തോമസ് ജോർജ് മൊട്ടക്കൽ, സെക്രട്ടറി സണ്ണി വെളിയത്ത്,
പ്രോഗ്രാം കോ ഓർഡിനേറ്റർ സുരേന്ദ്രൻ കാനാട്ട്, ഗ്ലോബൽ ട്രാവൽ ആൻഡ് ടൂറിസം ഫോറം ചെയർമാൻ സുജിത്ത് ശ്രീനിവാസൻ, ഫ്ളോറിഡ പ്രൊവിൻസ് ബ്ലെസൻ മണ്ണിൽ, ട്രാവൻകൂർ പ്രൊവിൻസ് പ്രസിഡന്റ് വിജയൻ, റീജിയൻ ട്രഷറർ രാമചന്ദ്രൻ പേരാന്പ്ര,
വള്ളുവനാട് പ്രൊവിൻസ് പ്രസിഡന്റ് ജോസ് പുതുക്കാടൻ, സെക്രട്ടറി സി.കെ. രാജഗോപാൽ, ട്രഷറർ പ്രകാശ് ടി. ബാലകൃഷ്ണൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സുഭാഷ് ചന്ദ്രബോസ്, ജയ്സണ്‍ ഫ്രാൻസിസ്, വിമൻസ് ഫോറം പ്രസിഡന്റ് ഫൗസിയ അസർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
1995 ജൂലൈ മൂന്നിന് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയതാണ് വേൾഡ് മലയാളി കൗണ്‍സിൽ. വയനാട് ദുരന്തബാധിതർക്കായുള്ള പ്രോജക്ട് ഗ്ലോബൽ ട്രാവൽ ആൻഡ് ടൂറിസം ഫോറമാണ് പ്രമോട്ട് ചെയ്യുന്നത്. വള്ളുവനാട് പ്രൊവിൻസിനാണ് മേൽനോട്ടച്ചുമതല.
ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി പഞ്ചായത്തിന്റെയും പിന്തുണ ഉറപ്പുവരുത്തിയാണ് ദുരന്തബാധിതർക്കായി പദ്ധതികൾ നടപ്പാക്കുക.
മൈക്രോ സംരംഭങ്ങൾ തുടങ്ങുന്നതിന് മൂന്നു ലക്ഷം രൂപ വരെ ലഭ്യമാക്കും. തോമാട്ടുചാലിൽ താമസിക്കുന്ന 28 ദുരന്തബാധിത കുടുംബങ്ങൾക്കായി മൂല്യവർധിത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനശാല ആരംഭിക്കും. ഉത്പന്ന വിപണനത്തിന് കൗണ്‍സിൽ സൗകര്യം ഒരുക്കും. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുള്ളതിൽ 50 പേർക്ക് യോഗ്യതയ്ക്കനുസരിച്ച് കേരളത്തിന് അകത്തും പുറത്തും ജോലി ലഭ്യമാക്കും.
താത്പര്യമുള്ളവർക്ക് വിവിധ ഏജൻസികളുടെ സഹകരണത്തോടെ കരകൗശല വസ്തു നിർമാണത്തിൽ പരിശീലനം നൽകും. ദുരന്തബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് ട്യൂഷൻ, ഉന്നത പഠനം തുടരുന്നതിന് സഹായം എന്നിവ ലഭ്യമാക്കുമെന്നും കൗണ്‍സിൽ ഭാരവാഹികൾ പറഞ്ഞു.