മനുഷ്യന് സംരക്ഷണം നൽകുന്നതിൽ ഇടത് ഭരണം പരാജയപ്പെട്ടു : എസ്ടിയു
1496035
Friday, January 17, 2025 5:41 AM IST
കൽപ്പറ്റ: ഇടത് ഭരണത്തിൽ തൊഴിലാളികളും കർഷകരും കർഷക തൊഴിലാളികളും യുവജനങ്ങളും ഉൾപ്പെടെ സാമാന്യ ജനങ്ങളെല്ലാം വൻ പ്രതിസന്ധി നേരിടുകയാണെന്ന് എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം. റഹമത്തുള്ള. ജില്ലാ എസ്ടിയു യൂണിറ്റ് റൈഡ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ്ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. നിർദിഷ്ട വനനിയമ ഭേദഗതി കർഷക വിരുദ്ധമാണ്. മനുഷ്യന് നേരെ വന്യജീവി ആക്രമണം ദിനം പ്രതി കൂടി വരികയാണ്. ഇക്കാര്യത്തിൽ സർക്കാർ നോക്കുകുത്തിയാണ്. മനുഷ്യന്റെ ജീവനേക്കാൾ വന്യജീവി സംരക്ഷണത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്.
സർവമേഖലകളിലും ഇടത് സർക്കാർ പരാജയപ്പെട്ടുകൊണ്ടിരിക്കയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ നേർ പതിപ്പായി ഇടത് സർക്കാർ മാറി. തൊഴിൽ മേഖലയിലെ രൂക്ഷമായ വിവിധ പ്രശ്നങ്ങളും വൻ തകർച്ചയും ഉയർത്തി ക്കാണിച്ച് ഫെബ്രുവരി അഞ്ചിന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എസ്ടിയു സംസ്ഥാന ജനറൽസെക്രട്ടറി കെ.പി. മുഹമ്മദ് അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. പി.വി. കുഞ്ഞുമുഹമ്മദ്, സി. കുഞ്ഞബ്ദുള്ള, ടി. ഹംസ, പാറക്ക മമ്മൂട്ടി, സി. മുഹമ്മദ് ഇസ്മായിൽ, തൈതൊടി ഇബ്രാഹിം, അബു ഗൂഡലായ്, എം. അലി, പഞ്ചാര ഉസ്മാൻ, പനന്തറ മുഹമ്മദ്, എ.കെ. റഫീഖ്, സി. ഫൗസി, റംല മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.