വനമേഖലയിലൂടെയുള്ള അനാവശ്യയാത്ര ഒഴിവാക്കണം: മന്ത്രി ഒ.ആർ. കേള ു
1495121
Tuesday, January 14, 2025 5:37 AM IST
കൽപ്പറ്റ: ജില്ലയിലെ ജനവാസ മേഖലകളിൽ വന്യജീവികൾ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന മേഖലയോട് ചേർന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പട്ടികജാതി-വർഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു.
കളക്ടറേറ്റിൽ ചേർന്ന മനുഷ്യവന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസിലാക്കി വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകൾ ഒഴിവാക്കണം.
ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾ രാത്രി സമയങ്ങളിൽ വനപാതയിലൂടെ സഞ്ചരിക്കരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കരുതെന്നും മന്ത്രി അറിയിച്ചു.
അമരക്കുനിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള തീവ്ര ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്. കർണാടക, കേരള അതിർത്തിയിലെത്തിയ ബേലൂർ മഘ്നയുടെ സഞ്ചാരപാത നിരീഷിക്കുന്നതിന് 24 മണിക്കൂർ സേവനം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശം നൽകി.
കളക്ടറേറ്റ് മിനി കോണ്ഫറൻസ് ഹാളിൽ ചേർന്ന് യോഗത്തിൽ ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരിക്കാർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുണ് ഡാലിയ, സൂരജ് ബെൽ, നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽരാജ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നടപടി വേണം: ടി.എസ്. ദിലീപ് കുമാർ
പുൽപ്പള്ളി: കടുവയെ പിടികൂടുന്നതിനുള്ള വനംവകുപ്പിന്റെ പ്രവർത്തനം ശക്തമാക്കണമെന്ന് പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിപീല്കുമാർ.
അമരക്കുനി പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജനങ്ങൾ കടുത്ത ആശങ്കയിലാണെന്നും ഇതിന് പരിഹാരം കാണാൻ കടുവയെ എത്രയും വേഗം മയക്കുവെടിവച്ച് പിടികൂടാനാവശ്യമായ നടപടികൾ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പരിഹാരം ഉടന് വേണമെന്ന് വ്യാപാരികൾ
പുൽപ്പള്ളി: പഞ്ചായത്തിലെ അമരക്കുനി, ദേവർഗദ്ദ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയായ കടുവയെ പിടികൂടുന്ന കാര്യത്തിൽ വനം വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
കടുവ ഒരാഴ്ചയോളമായി ജനവാസ മേഖലയിൽ തന്പടിച്ച് വളർത്തു മൃഗങ്ങളെ കൊന്നുകൊണ്ടിരിക്കുകയാണ്. കൂലി വേലക്കാരായ തൊഴിലാളികളും സാധാരണ ചെറുകിട കർഷകരും തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയിലാണ് കടുവയുടെ തുടർച്ചയായ ആക്രമണം.
മൂന്നുതവണ കടുവ ആക്രമണം ഉണ്ടായപ്പോഴും പൊതുജനങ്ങൾ പരാതി വിളിച്ചറിയിച്ചപ്പോഴും യാതൊരുവിധ പ്രതിരോധ സാമഗ്രികളും ഇല്ലാതെ എത്തിയ വനപാലകർ കേവലം കാഴ്ചക്കാരായി നിൽക്കുകയാണ്. മേലുദ്യോഗസ്ഥർ പിന്നീട് സംവിധാനങ്ങളുമായി വരുന്പോഴേക്കും കടുവ അപ്രത്യക്ഷമാകുകയാണ്.
മൂന്ന് കൂടുകൾ സ്ഥാപിച്ചെങ്കിലും കൂട്ടിൽ കയറാതെ ഒളിച്ചു മാറി നടക്കുന്ന കടുവയെ എത്രയും പെട്ടെന്ന് മയക്ക് വെടിവച്ച് പിടിച്ചുകൊണ്ടുപോകണം. ഉടനടി ഇക്കാര്യത്തിന് പരിഹാരമുണ്ടാക്കാത്തപക്ഷം വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വ്യവസായി ഏകോപനസമിതി പ്രസിഡന്റ് മാത്യു മത്തായി ആതിര അറിയിച്ചു.
ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും: കോണ്ഗ്രസ്
പുൽപ്പള്ളി: അമരക്കുനി, തൂപ്ര , ആടിക്കൊല്ലി, ദേവർഗദ്ദ, പ്രദേശത്തുള്ള ജനങ്ങൾ പുറത്തിറങ്ങാൻ പറ്റാതെ ദിവസങ്ങളായി ഭീതിയിൽ കഴിയുകയാണ്. ക്ഷീര കർഷകരടക്കം കാർഷികമേഖല വിളവെടുപ്പിന്റെ സമയത്ത് സ്വന്തം കൃഷിയിടത്തിൽ പോലും ഇറങ്ങി വിളവെടുപ്പ് നടത്താൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. ജനങ്ങളുടെ സ്വൈരജീവിതം തടസപ്പെടുത്തന്ന കടുവയെ പിടിക്കൂടാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടപ്പിയ്ക്കാൻ മീനങ്ങാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി തീരുമാനിച്ചു.
ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻ കാവിൽ അധ്യക്ഷത വഹിച്ചു. കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ.എൽ. പൗലോസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, പി.ഡി. സജി, ബീന ജോസ്, മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ,
വൈസ് പ്രസിഡന്റ് ശോഭന സുകു, അംഗം ശ്രീദേവി മുല്ലക്കൽ, ടോമി തേക്കുമല, മണി പാന്പനാൽ, സി.പി. ജോയി, ജോഷി കുരീക്കാട്ടിൽ, സി.പി. കുര്യാക്കോസ്, റെജി പുളിക്കുന്നേൽ, കുര്യാച്ചൻ വട്ടക്കുന്നേൽ, പി.എം. കുര്യൻ, ജോയി കല്ലോലി മുകുളം എന്നിവർ പ്രസംഗിച്ചു.
കടുവയെ മയക്കു വെടിവച്ചു പിടിക്കണം: മജുഷ് മാത്യു
കൽപ്പറ്റ: അമരക്കുനി, ദേവർഗദ്ദ പ്രദേശങ്ങളിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ അടിയന്തരമായി മയക്കവെടി വച്ച് പിടി കൂടണമെന്ന് കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് മജുഷ് മാത്യൂസ് ആവശ്യപ്പെട്ടു.
ഒരാഴ്ചക്കാലമായി കടുവയുടെ സാന്നിധ്യം സ്ഥിതികരിക്കുകയും മൂന്നിലധികം വളർത്തുമൃഗങ്ങളെ കൊന്നിട്ടും ഫലപ്രദമായ രീതിയിൽ കടുവയെ പിടികൂടുന്നതിന് വേണ്ടിയുള്ള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടാകുന്നില്ലെന്നു അദ്ദേഹം കുറ്റപ്പെടുത്തി.
നഷ്ടപ്പെട്ട വളർത്തുമൃഗങ്ങളുടെ നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ടു 15ന് രാവിലെ 10 ന് പുൽപ്പള്ളി റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തമെന്ന് കർഷക കോണ്ഗ്രസ് ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി അധ്യഷത വഹിച്ചു.
കെ.കെ. ഏബ്രാഹം, ഇ.എ. ശങ്കരൻ, വി.ടി. തോമസ്, എ.പി. വിൻസെന്റ്, കെ.എം. കുര്യക്കോസ്, എം.എ. പൗലോസ്, ദേവസ്യ ചെള്ളമഠത്തിൽ, ഇ.ജെ. ഷാജി, മെയ്തു എടവക, സി.പി. ജോയി, കെ.സി. ജേക്കബ്, ടി.കെ. തോമസ്, അന്റണി ചോലിക്കര, സിജു പൗലോസ്, മനോജ്, വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.