കടുവയെ പിടികൂടാത്ത വനംവകുപ്പ് നടപടി ക്രൂരം: കെ.കെ. ഏബ്രഹാം
1495752
Thursday, January 16, 2025 5:55 AM IST
പുൽപ്പള്ളി: കഴിഞ്ഞ പത്തു ദിവസങ്ങളിലേറെയായി ജനവാസമേഖലയിൽ നാശം വിതയ്ക്കുന്ന കടുവയെ പിടികൂടാത്ത വനംവകുപ്പ് നടപടി ക്രൂരമാണെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആരോപിച്ചു.കടുവ ജനങ്ങളുടെ സ്വൈരജീവിതം തകർത്തു. കാർഷിക വിളവെടുപ്പ് നടത്താൻ കഴിയുന്നില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു. തൊഴിലാളികൾ തൊഴിലിനു പോകാൻ കഴിയാതെ പട്ടിണിയിലായി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണിയെടുക്കാൻ കഴിയുന്നില്ല. ചുരുക്കത്തിൽ ജനങ്ങൾക്ക് വീടുകളിൽ നിന്നു പുറത്തിറങ്ങാൻ കഴിയുന്നില്ല.
പത്തു ദിവസമായി വനം വകുപ്പ് അധികൃതർ കള്ളനും പോലീസും കളിക്കുകയാണ്. നിർധന കർഷകരുടെ ഏക വരുമാനമാർഗമായിരുന്ന വളർത്തുമൃഗങ്ങൾക്ക് മതിയായ നഷ്ടപരിഹാരം അടിയന്തരമായി നേരിട്ടു നൽകാൻ സർക്കാർ തയാറാകാത്തത് മനുഷ്യത്വരഹിതമായ നടപടിയാണ്. പ്രദേശത്ത് കടുവ ഭീതിയുണ്ടാക്കുന്ന വിഷയത്തിലും സിപിഎം രാഷ്ട്രീയം കളിക്കുകയാണന്ന് കെ.കെ. ഏബ്രഹാം കുറ്റപ്പെടുത്തി.
വനം വകുപ്പിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി, സത്വര നടപടിയെടുക്കാൻ അധികൃതരോട് ആവശ്യപ്പെട്ട കോണ്ഗ്രസ് നേതാക്കളെ തടയാനും ആക്രമിക്കാനും സിപിഎം മുതിർന്നത് അപഹാസ്യമാണെന്ന് കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു.