വയനാട്ടിൽ 48 ഇനം നീർപ്പക്ഷികൾ; അരിവാൾ കൊക്കുകളുടെ എണ്ണം കുറയുന്നു
1495284
Wednesday, January 15, 2025 5:26 AM IST
കൽപ്പറ്റ: വയനാട്ടിൽ 48 ഇനം നീർപ്പക്ഷികൾ. വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും സംയുക്തമായി ഏഷ്യൻ വാട്ടർ ബേർഡ് കൗണ്ടിന്റെ ഭാഗമായി നടത്തിയ സർവേയിലാണ് ഇത്രയും ഇനം നീർപ്പക്ഷികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ജില്ലയിലെ പ്രധാന തണ്ണീർത്തടങ്ങളായ പനമരം കൊറ്റില്ലം, വള്ളിയൂർക്കാവ്, ആറാട്ടുതറ, കാരാപ്പുഴ, നെല്ലറച്ചാൽ, ചേകാടി, കുറുവ, ബാണാസുര ഡാം റിസർവയർ, അമ്മവയൽ, ഗോളൂർ എന്നിവിടങ്ങളിലാണ് സർവേ നടന്നത്. ആകെ 128 പക്ഷി ഇനങ്ങളെയാണ് സർവേയിൽ കണ്ടത്. പനമരം കൊറ്റില്ലത്തും ആറാട്ടുത്തറ വയൽ പ്രദേശങ്ങളിലും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് അരിവാൾകൊക്കിന്റെ എണ്ണം കുറഞ്ഞതായി ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
അതേസമയം, കാരാപ്പുഴ ഡാം റിസർവോയറിൽ നൂറോളം വരുന്ന ചൂളൻ ഇരണ്ടകളുടെ കൂട്ടത്തെ കാണാനായി. ജില്ലയിൽ ഒരുകാലത്ത് ധാരാളം ഉണ്ടായിരുന്ന ചൂളൻ ഇരണ്ടകളെ കഴിഞ്ഞ രണ്ട് വർഷങ്ങളിലെ സർവേയിൽ നാമമാത്രമായാണ് കണാൻ കഴിഞ്ഞത്.
പ്രാദേശിക തണ്ണീർത്തടങ്ങളിലെ ജല വിതാനത്തിന്റെയും ഭൂവിനിയോഗത്തിന്റെയും മാറ്റങ്ങളാകം ഈ ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്ന് വിഷ്ണുദാസ് അഭിപ്രായപ്പെട്ടു. ജില്ലയിലെ പക്ഷി നിരീക്ഷകർ, പൂക്കോട് വെറ്ററിനറി കോളജ് എൻഎസ്എസ് വോളണ്ടിയർമാർ, ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിലെ വിദ്യാർഥികൾ തുടങ്ങിയവർ സർവേയിൽ പങ്കെടുത്തു.