ഊട്ടിക്കവലയിൽ കടുവ ആടിനെ കൊന്നു
1495333
Wednesday, January 15, 2025 5:54 AM IST
പുൽപ്പള്ളി: പഞ്ചായത്തിലെ അമരക്കുനിക്കു സമീപം ഊട്ടിക്കവലയിൽ കടുവ ആടിനെ കൊന്നു. പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെയാണ് കൂട്ടിൽക്കയറി കടുവ പിടിച്ചത്.
ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. ആടിന്റെ കരച്ചിൽകേട്ട് ഉണർന്ന വീട്ടുകാർ ഒച്ചയിട്ടപ്പോൾ കടുവ ഇരുളിൽ മറഞ്ഞു. പ്രദേശത്ത് വനംസേന പരിശോധന നടത്തി.
കഴിഞ്ഞ എട്ട് ദിവസത്തിനിടെ അമരക്കുനിയിലും സമീപപ്രദേശങ്ങളിലുമായി നാല് ആടുകളെയാണ് കടുവ കൊന്നത്. ജനങ്ങളെ ഭീതിയിലാക്കിയ കടുവയെ മയക്കുവെടിവച്ച് പിടിക്കുന്നതിന് വനസേന ശ്രമം തുടരുകയാണ്.
അമരക്കുനിക്കടുത്ത് കാപ്പിത്തോട്ടത്തിൽ ഇന്നലെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമൻ പറഞ്ഞു. കടുവയെ ഉടൻ പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വനസേന.