വയനാട് മെഡിക്കൽ കോളജ് : ഒപി, അഡ്മിഷന് ടിക്കറ്റ് നിരക്ക് കൂട്ടുന്നു
1495744
Thursday, January 16, 2025 5:55 AM IST
കല്‍പ്പറ്റ: മാനന്തവാടിയിലെ വയനാട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒപി ടിക്കറ്റ് നിരക്ക് രണ്ട് രൂപയില്‍നിന്നും അഞ്ച് രൂപയായും അഡ്മിഷന് നിരക്ക് 20 രൂപയില്‍നിന്നു 30 രൂപയായും വര്‍ധിപ്പിക്കും. പട്ടികജാതിവര്ഗപിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്. കേളുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആധുനിക മോര്‍ച്ചറിയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ, ആശുപത്രിയുടെ മുന്‍ഭാഗത്തെ പാര്‍ക്കിംഗ് ഏരിയ പൊതുജനങ്ങള്‍ക്ക് പേ പാര്‍ക്കിംഗ് സംവിധാനത്തോടെ തുറന്നുനല്‍കാന്‍ യോഗം തീരുമാനിച്ചു.
മള്‍ട്ടി പര്‍പ്പസ് കെട്ടിടത്തിലെ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നിര്‍ദേശം നല്കി. ആശുപത്രിയിലെത്തുന്ന രോഗികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കിടയില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും സൗഹൃദ ഇടപെടല്‍ ഉറപ്പാക്കാന്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
ആശുപത്രിയിലേക്കും ആശുപത്രിക്കകത്തുമുള്ള റോഡുകളുടെ നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. ആശുപത്രിയിലെ ഉപകരണങ്ങള്‍ക്കുണ്ടാവുന്ന കേടുപാടുകള്‍ അതിവേഗം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സൂപ്രണ്ടിന് നിര്‍ദേശം നല്കി. ആശുപത്രി സ്കില്‍ ലാബില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍,
ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ. ത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, ഡിഎംഒ ഡോ.പി. ദിനീഷ്, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് വി.പി. രാജേഷ്, പ്രിന്‍സിപ്പല്‍ ഡോ.മീന തുടങ്ങിയവര്‍ പങ്കെടുത്തു.