വന്യജീവി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന്
1495334
Wednesday, January 15, 2025 5:54 AM IST
പുൽപ്പള്ളി: വന്യമൃഗശല്യം പരിഹരിക്കുന്നതിനു സമഗ്രമായ മാസ്റ്റർപ്ലാൻ തയാറാക്കുകയും അതോടൊപ്പം വനം വന്യജീവി നിയമത്തിൽ കാലോചിതമായ മാറ്റങ്ങളും നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് ബിജെപി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
വേട്ടയാടലുകൾ നിയന്ത്രിച്ചതും അനുകൂല പ്രകൃതിസാഹചര്യവും കാരണം വനത്തിൽ ഉൾക്കൊള്ളാനാകാത്ത തരത്തിലാണ് വന്യമൃഗ പെരുപ്പം നടക്കുന്നത്. അതിനാൽ സമഗ്ര മാസ്റ്റർപ്ലാൻ നടപ്പാക്കിയാൽ മാത്രമേ വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടെത്താൻ കഴിയൂ.
വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകിയതുകൊണ്ട് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നില്ല. മനുഷ്യരുടെ ഉപജീവന മാർഗമായ വളർത്തുമൃഗങ്ങൾ ഗണ്യമായി നഷ്ടപ്പെടുന്നു. വനവും കൃഷിയിടവും തമ്മിൽ വേർതിരിക്കാൻ ആഴത്തിലും വീതിയിലുമുള്ള കോണ്ക്രീറ്റ് കിടങ്ങുകൾ വനാർതിർത്തികളിൽ മുഴുവൻ നിർമിക്കണം.
വൈദ്യുത ഫെൻസിംഗുകൾ നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരേ കർശന നടപടി സ്വീകരിക്കണം. മനുഷ്യരുടെ സ്വര്യജീവിതത്തിനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരുകൾ തയാറാകണമെന്നും ബിജെപി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. രാജൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.