സംസ്ഥാന ബഡ്സ് കലോത്സവം; വയനാടിന് കിരീടം
1495119
Tuesday, January 14, 2025 5:27 AM IST
കൽപ്പറ്റ: കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നടന്ന തില്ലാന കുടുംബശ്രീ ബഡ്സ് സംസ്ഥാന കലോത്സവത്തിൽ ജില്ല കിരീടം നിലനിർത്തി.
22 ഇനങ്ങളിൽ 47 പോയിന്റ് നേടിയാണ് ജില്ല രണ്ടാം തവണയും ചാന്പ്യൻമാരായത്. സമാപനസമ്മേളനത്തിൽ അഞ്ച് ലക്ഷം രൂപയുടെ കാഷ് അവാർഡും ട്രോഫിയും മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണിയിൽനിന്നു ജില്ലാ ടീം സ്വീകരിച്ചു.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീ നടത്തുന്ന 212 ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളും 166 ബഡ്സ് സ്കൂളുകളും ഉൾപ്പെടുന്ന 378 സ്ഥാപനങ്ങളിൽനിന്നുള്ള 13,000 ത്തിലേറെ കുട്ടികൾക്കായി ജില്ലാതല കലോത്സവം സംഘടിപ്പിച്ചിരുന്നു.
ജില്ലാതല കലോത്സവങ്ങളിൽ വിജയിച്ച 450 ഓളം കുട്ടികളാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്.