മന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്തു
1495339
Wednesday, January 15, 2025 5:55 AM IST
കൽപ്പറ്റ: വനമേഖലകളിലൂടെയുള്ള അനാവശ്യയാത്രകളും രാത്രിയാത്രയും ആളുകൾ ഒഴിവാക്കണമെന്ന പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളുവിന്റെ പ്രസ്താവന വയനാട് പ്രകൃതി സംരക്ഷണ സമിതി സ്വാഗതം ചെയ്തു. പ്രസ്താവന ജില്ലയിലെ സാഹചര്യങ്ങൾ അറിയുന്ന ഭരണാധികാരിയുടെ സത്യസന്ധവും ധീരവുമായ നിലപാടാണെന്ന് യോഗം വിലയിരുത്തി.
ജില്ലയിൽ വനമേഖലയിൽ രാത്രിയെന്നോ പകലെന്നോ നിരോധിത മേഖലയെന്നോ വ്യത്യാസമില്ലാതെ ടൂറിസ്റ്റുകളുടെ വിഹാരമാണ്. വനത്തിൽ നിയമവിരുദ്ധ ട്രക്കിംഗും രാത്രി സഫാരിയും നടക്കുന്നുണ്ട്. ഇത് വന്യജീവി പ്രശ്നം രൂക്ഷമായതിന്റെ കാരണങ്ങളിൽ ഒന്നാണ്.
ടൂറിസത്തിന്റെ മറവിൽ വനത്തിലും അതിർത്തികളിലും നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ശക്തമായി ഇടപെടണമെന്ന് യോഗം മന്ത്രിയോട് ആവശ്യപ്പെട്ടു. എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
ബാബു മൈലന്പാടി, എ.വി. മനോജ്, എൻ. ബാദുഷ, തോമസ് അന്പലവയൽ, സി.എ. ഗോപാലകൃഷ്ണൻ, പി.എം. സുരേഷ്, ഒ.ജെ. മാത്യു, സണ്ണി മരക്കടവ്, രാധാകൃഷ്ണലാൽ എന്നിവർ പ്രസംഗിച്ചു.