മുട്ടിൽ വയനാട് ഓർഫനേജ് യുപി സ്കൂൾ 75-ാം വാർഷികാഘോഷം നാളെ
1496039
Friday, January 17, 2025 5:41 AM IST
കൽപ്പറ്റ: മുട്ടിൽ വയനാട് ഓർഫനേജ് യുപി സ്കൂളിൽ ഫെബ്രുവരി നാലുവരെ നീളുന്ന 75-ാം വാർഷികാഘോഷം നാളെ തുടങ്ങും. പിടിഎയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിലാണ് ആഘോഷമെന്ന് പിടിഎ പ്രസിഡന്റ് സുബൈർ ഇളംകുളം, ഹെഡ്മാസ്റ്റർ സി. അഷ്റഫ്, കണ്‍വീനർ കെ. നസീർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 10ന് മുട്ടിൽ പഞ്ചായത്തിലെ കെജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ചിത്രരചനാമത്സരവും സ്കൂളിലെ പഠിതാക്കളുടെ രക്ഷിതാക്കൾക്ക് പാചകമത്സരവും നടത്തും. 23ന് രാവിലെ 10 മുതൽ ഉച്ചവരെ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കും.
27ന് രാവിലെ എട്ട് മുതൽ വൈകുന്നേരം വരെ യുപി വിദ്യാർഥികൾക്ക് എൻ.സി. ബക്കർ മെമ്മോറിയൽ ജില്ലാതല ഫുട്ബോൾ ടൂർണമെന്റും 29ന് രാവിലെ 10ന് യുപി സ്കൂൾ വിദ്യാർഥികൾക്ക് ജില്ലാതല ക്വിസ് മത്സരവും നടത്തും. 30ന് രാവിലെ 10ന് ഹൈസ്കൂൾ വിദ്യാർഥികൾക്ക് ജില്ലാതല നാടൻപാട്ട് മത്സരം സംഘടിപ്പിക്കും.
വാർഷികാഘോഷം സമാപനത്തിന്റെ ഭാഗമായി ഫെബ്രുവരി നാലിന് വൈകുന്നരം നാലിന് സാംസ്കാരിക സമ്മേളനം നടത്തും. പരിപാടികളുടെ വിജയത്തിന് സ്കൂൾ മാനേജർ കെ.കെ. അഹമ്മദ് ഹാജി,സുബൈർ ഇളംകുളം, സി. അഷ്റഫ്, എൻ.കെ. മുസ്തഫ ഹാജി, കെ. അബ്ദുന്നാസർ, നീതു എൽദോ എന്നിവർ ഭാരവാഹികളായി കമ്മിറ്റി പ്രവർത്തനം തുടങ്ങി.