തയ്യൽത്തൊഴിലാളി സംരക്ഷണ നിയമം നടപ്പാക്കണം: കെഎസ്ടിഎ-എൻ
1495335
Wednesday, January 15, 2025 5:54 AM IST
കൽപ്പറ്റ: തയ്യൽത്തൊഴിലാളി സംരക്ഷണ നിയമം നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ-എൻ വൈത്തിരി താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. തയ്യൽത്തൊഴിലാളികളുടെ സീനിയോരിറ്റി പെൻഷൻ കുടിശിക വിതരണം ചെയ്യുക, മരണമടയുന്ന തയ്യൽത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള ആനുകൂല്യം ഒരു ലക്ഷം രൂപയാക്കുക, വിദ്യാഭ്യാസ ആനുകൂല്യം കാലാനുസൃതമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
എംജിടി ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സി.എ. ഔസേഫ് അധ്യക്ഷ വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആർ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ അനിത തിലകാനന്ദ്, കെ. നിഷ, എസ്. ബെനാസിർ എന്നിവർ പ്രസംഗിച്ചു.