വനനിയമ ഭേദഗതി: രാഷ്ട്രീയ കിസാൻ മഹാസംഘ് മാർച്ചും ധർണയും നടത്തി
1488015
Wednesday, December 18, 2024 5:22 AM IST
മാനന്തവാടി: 1961ലെ വന നിയമ ഭേദഗതിക്കുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും തുടർന്നു ധർണയും നടത്തി. നിയമഭേദഗതിക്കെതിരേ മഹാസംഘ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന് ഇതോടെ തുടക്കമായി. സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾ നിഷേധിക്കുന്നവിധത്തിലാണ് നിയമഭേദഗതിക്കു നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
ഡി.കെ. ബസുവും പശ്ചിമബംഗാൾ സർക്കാരുമായുള്ള കേസിൽ അറസ്റ്റ് സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ലംഘിക്കുന്ന വ്യവസ്ഥകൾ നിയമം ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥരേക്കാൾ അധികാരം വനം ജീവനക്കാർക്ക് നൽകുന്ന ഭേദഗതി തള്ളണം. ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കുപോലും ആരേയും എവിടെവച്ചും അറസ്റ്റുചെയ്യാമെന്ന നിയമവ്യവസ്ഥ അധികാര ദുർവിനിയോഗത്തിന് വഴിയൊരുക്കും. 2019 ഡിസംബറിൽ കൊണ്ടുവന്ന വന നിയമ ഭേദഗതി കരടുബിൽ ശക്തമായ കർഷക പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചിരുന്നു. അഞ്ചുവർഷം കഴിഞ്ഞ് അതേ ബിൽ കൊണ്ടുവരുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബിനോയ് തോമസ് ആവശ്യപ്പെട്ടു.
സംസ്ഥാന കണ്‍വീനർ പി.ജെ. ജോണ്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബേബി നെട്ടനാനി, കണ്‍വീനർമാരായ സണ്ണി തുണ്ടത്തിൽ, എ.സി. തോമസ്, ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന കണ്‍വീനർ എ.എൻ. മുകുന്ദൻ, കർഷക ഐക്യവേദി സംസ്ഥാന ചെയർമാൻ ജയിംസ് പന്ന്യാംമാക്കൽ, ജോസഫ് വടക്കേക്കര, സ്വപ്ന ആന്റണി, ടോമി തോമസ്, വർഗീസ് പള്ളിച്ചിറ, ഗർവാസിസ് കല്ലുവയൽ, വിദ്യാധരൻ വൈദ്യർ, രാധാക്യഷ്ണൻ, വർഗീസ് വൈദ്യർ, കെ.വി. ജോയി എന്നിവർ പ്രസംഗിച്ചു.