നിക്ഷയ് ശിവിർ: ക്ഷയരോഗ നിർമാർജന കാന്പയിൻ തുടങ്ങി
1488327
Thursday, December 19, 2024 6:50 AM IST
കൽപ്പറ്റ: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ക്ഷയരോഗ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നിക്ഷയ് ശിവിർ ക്ഷയരോഗ നിർമാർജന കാന്പയിൻ തുടങ്ങി.
നൂറുദിനകർമ്മ പദ്ധതി കൽപ്പറ്റ ഗ്രീൻഗേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കേന്ദ്രീകൃത ഇടപെടലിലൂടെ ക്ഷയരോഗ നിർണയം ത്വരിതപ്പെടുത്തുക, സമൂഹത്തിൽ മറഞ്ഞിരിക്കുന്ന ക്ഷയരോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിലൂടെ ക്ഷയരോഗ പകർച്ച ഇല്ലാതാക്കുക, ക്ഷയരോഗ മരണങ്ങൾ ഇല്ലാതാക്കുക തുടങ്ങിയവയാണ് നിക്ഷയ് ശിവിറിന്റെ ലക്ഷ്യം.
ക്ഷയരോഗ ചികിത്സയ്ക്ക് ആവശ്യമായ സാമൂഹ്യ, വൈകാരിക, പോഷകാഹാര പിന്തുണ ലഭ്യമാക്കുകയും കൂടുതൽ നിക്ഷയ് മിത്ര ദാതാക്കളെ കണ്ടെത്തുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി തുടർച്ചയായ 100 ദിവസത്തെ ഊജിത കാന്പയിനാണ് നിക്ഷയ് ശിവിർ എന്ന പേരിൽ നടപ്പാക്കുന്നത്.
2023 ൽ ജില്ലയിൽ ക്ഷയരോഗ മുക്ത ഗ്രാമപഞ്ചായത്തുകളായി തെരഞ്ഞെടുക്കപ്പെട്ട തരിയോട്, പനമരം, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, പൂതാടി, തവിഞ്ഞാൽ എന്നിവയ്ക്കുള്ള അവാർഡുകളും വിതരണം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ക്ഷയരോഗ ബോധവത്കരണ വീഡിയോകളുടെ പ്രകാശനം ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നിർവഹിച്ചു. നിക്ഷയ് മിത്ര ദാതാക്കളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി.
ജില്ലാ ക്ഷയരോഗ ഓഫീസർ ഡോ.പ്രിയ സേനൻ ആമുഖ പ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽ രാജ് ക്ഷയരോഗ മുക്ത കർമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലോകാരോഗ്യ സംഘടനാ കണ്സൾട്ടന്റ് ഡോ.ടി.എൻ. അനൂപ് കുമാർ വിഷയാവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് അധ്യക്ഷർ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.