ഹാപ്പി കേരളയുമായി കുടുംബശ്രീ
1488326
Thursday, December 19, 2024 6:50 AM IST
സുൽത്താൻ ബത്തേരി: കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയർത്താൻ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ’ഹാപ്പിനെസ് സെന്റർ’ പദ്ധതിയുടെ ഭാഗമായി ജില്ലാതല പരിശീലന പരിപാടി ആരംഭിച്ചു.
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ബത്തേരി കേധാര ഹാളിൽ സംഘടിപ്പിച്ച ’ഹാപ്പി കേരള’ ജില്ലാതല പരിശീലന ക്യാന്പ് ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് കോഓർഡിനേറ്റർ കെ. അമീൻ അധ്യക്ഷത വഹിച്ചു. നാളെ അവസാനിക്കുന്ന പരിശീലന ക്യാന്പിൽ മുട്ടിൽ, പുൽപ്പള്ളി, തിരുനെല്ലി, അന്പലവയൽ, മൂപ്പൈനാട് എന്നീ മോഡൽ സിഡിഎസ് കളിൽ നിന്നായി 50 റിസോഴ്സ് പേർസൻമാർക്കാണ് പരിശീലനം നൽകുന്നത്.
പരിശീലനം ലഭിച്ച സിഡിഎസ്മാർ വഴി ഓരോ വാർഡിലും 10 മുതൽ 40 വരെ കുടുംബങ്ങളെ ഉൾപ്പെടുത്തി വാർഡ് തലത്തിൽ ’ഇട’ങ്ങൾ രൂപീകരിച്ച് തുടർപ്രവർത്തനങ്ങളും നടക്കും. യാഥാസ്ഥിതിക പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ശുഭപ്രതീക്ഷയോടെ അതിജീവിക്കാൻ സമൂഹത്തെ ശക്തിപ്പെടുത്തുക, കുടുംബങ്ങളുടെ ഉൻമേഷം ഉയർത്തുക, വ്യക്തികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ പ്രോഗ്രാം മാനേജർമാരായ ആശ പോൾ, കെ.ജെ. ബിജോയ്, വി. ജയേഷ്, ഷുക്കൂർ എന്നിവർ പ്രസംഗിച്ചു. പ്രഭാകരൻ, എം.എ. പൗലോസ്, കെ.ജി. ബീന, പി. സുജാത, അൽഫോൻസാ സാന്ദ്ര മേരി എന്നിവരാണ് പരിശീലനം നൽകുന്നത്.