കാരാട്ട് കുറി ആക്ഷൻ കൗണ്‍സിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി
1488014
Wednesday, December 18, 2024 5:22 AM IST
കൽപ്പറ്റ: ജില്ലയിലെ നിരവധി ആളുകളെ കബളിപ്പിച്ച് കാരാട്ട് കുറി എന്ന സ്ഥാപനം ഒരു മാസം മുൻപ് പൂട്ടിപോകുകയും നിരവധി ആളുകളുടെ കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടിരിക്കുകയാണ്. ആളുകളുടെ പ്രയാസം സർക്കാരിന്റെയും പോലീസ് അധികാരികളുടെ ശ്രദ്ധയിലെത്തിക്കുന്നതിന് കാരാട്ട് കുറി ആക്ഷൻ കൗണ്‍സിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയിട്ടും ഫോർമാനായ ശ്രീജിത്ത് എന്ന ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. കാരാട്ട് കുറി 20 കോടിയോളം രൂപയാണ് വയനാട്ടിൽനിന്നു പിരിച്ചെടുത്തിട്ടുള്ളത്.
ഈ പണം നിക്ഷേപകർക്ക് തിരികെ കൊടുക്കണമെന്ന് ധർണയിൽ ആവശ്യപ്പെട്ടു.
കളക്ടറേറ്റ് മാർച്ചും ധർണയും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംസുദ്ദീൻ അരപ്പറ്റ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ സിമിത സരസൻ അധ്യക്ഷത വഹിച്ചു. കാരാട്ട് കുറി വയനാട് എജിഎം എസ്.എം. ഷാഹിത മുഖ്യ പ്രഭാഷണം നടത്തി.
എ.എസ്. അനീഷ് കുമാർ, അലി ചൂരൽമല, നിലന്പൂർ ആക്ഷൻ കൗണ്‍സിൽ ചെയർമാൻ മുനീർ ചുങ്കത്തറ, അലി റാവുത്തർ, കെ. അഷ്റഫ്, എസ്. സരോജിനി, രാജേഷ് നിലന്പൂർ, അനീഷ് നിലന്പൂർ, സജിനി ഷൈജു, അഷ്റഫ് കൽപ്പറ്റ, കെ. നിതിൻ എന്നിവർ പ്രസംഗിച്ചു.