ആഫ്രിക്കൻ ഒച്ച് നിർമാർജനം ആരംഭിച്ചു
1487828
Tuesday, December 17, 2024 6:04 AM IST
പയ്യന്പള്ളി: കുറുക്കൻമൂല പ്രദേശത്തെ ആഫ്രിക്കൻ ഒച്ചിനെ നിർമാർജനം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.
ഇന്നലെ രാവിലെയാണ് പ്രദേശത്ത് കൃഷിവകുപ്പിന്റെയും നഗരസഭയുടെയും അന്പലവയൽ ആർഎആർഎസ് കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നിർമ്മാർജന പ്രവർത്തനങ്ങൾ ആരംഭിച്ചു. കാർഷിക ഗവേഷണകോളജിലെ ഒന്നാംവർഷ ബാച്ചിലെ 60 കുട്ടികളും ദൗത്യത്തിൽ പങ്കാളികളായി.
ഒച്ച് നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുറുക്കൻമൂല ഗവ.എൽപി സ്കൂളിൽ നാട്ടുകാരുടെ വിപുലമായ യോഗം ചേർന്നിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശവാസികൾ ഒച്ചിനെ ആകർഷിക്കാൻ കാബേജ്, കോളിഫ്ളവർ, കപ്പളത്തിന്റെ ഇലകൾ എന്നിവ വെള്ളത്തിലിട്ട് ചീയിച്ച് വിവിധ സ്ഥലങ്ങളിലും ഇടുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കാർഷിക ഗവേഷണകോളജിലെ വിദ്യാർഥികൾ വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒച്ചിനെ ശേഖരിച്ച് ഉപ്പുവെള്ളത്തിൽ ഇടുന്നതിനും സമീപം കുഴികൾ നിർമിച്ച് കുഴിച്ചുമൂടുകയും ചെയ്തു. തുടർന്നുള്ള ഏഴു ദിവസങ്ങളിലും നിർമാർജന ദൗത്യം തുടരും. അതേസമയം തുടർച്ചയായി നാലുവർഷംത്തോളം നിർമാർജന പ്രവർത്തനങ്ങൾ തുടർന്നാൽ മാത്രമേ പ്രദേശത്തെ ഒച്ചകളെ പൂർണമായി ഒഴിവാക്കാൻ കഴിയുകയുള്ളൂ.
ഇതിന്റെ ഭാഗമായി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമായ പദ്ധതികൾ രൂപീകരിക്കുമെന്നും നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ് പറഞ്ഞു.