അതിഥിമന്ദിരങ്ങളിലൂടെ 20 കോടിയുടെ അധികവരുമാനം: മന്ത്രി മുഹമ്മദ് റിയാസ്
1488013
Wednesday, December 18, 2024 5:22 AM IST
സുൽത്താൻ ബത്തേരി: സംസ്ഥാനത്തെ സർക്കാർ അതിഥിമന്ദിരങ്ങളിൽ പൊതുജനങ്ങൾക്ക് ഓണ്‍ലൈൻ സൗകര്യം ഒരുക്കിയതോടെ മൂന്ന് വർഷത്തിനകം 20 കോടിയുടെ വരുമാനം ലഭിച്ചതായി ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സുൽത്താൻ ബത്തേരിയിൽ നവീകരിച്ച ഗവ. ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മൂന്ന് വർഷത്തിനകം സർക്കാർ ഗസ്റ്റ്/റസ്റ്റ് ഹൗസുകളിൽ താമസിച്ചത് മൂന്നുലക്ഷം ആളുകളാണ്. ജില്ലയിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാൻ ബോധപൂർവമുള്ള പ്രചാരണം ഉറപ്പാക്കണം.
സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിനോട് ചേർന്ന് നിർമിക്കുന്ന പുതിയ കെട്ടിടം 2025 ഓടെ പൂർത്തീകരിക്കും. വിനോദ സഞ്ചാരികൾക്ക് സുരക്ഷിതവും ഗുണമേൻമയുള്ള താമസം, ഭക്ഷണം ഗസ്റ്റ് ഹൗസുകളിലൂടെ ഉറപ്പാക്കും. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വയനാട്. മുണ്ടക്കൈ, ചൂരൽമല പ്രകൃതി ദുരന്തത്തിനുശേഷം ജില്ലയിലെ ടൂറിസം മേഖല അതിജീവനത്തിലൂടെ മുന്നേറുകയാണ്. പ്രശസ്ത ഹോട്ടൽ ഗ്രൂപ്പുകൾ ജില്ലയിൽ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് ടൂറിസം മേഖലയിലെ സാധ്യതകളാണെന്നും മന്ത്രി വ്യക്തമാക്കി.
നാല് സ്യൂട്ട് റൂം, നാല് ഗസ്റ്റ് റൂം, കോണ്‍ഫറൻസ് ഹാൾ, ശുചിമുറി, അടുക്കള, മോഡുലർ അടുക്കള, ഫർണിച്ചർ അറ്റകുറ്റ പ്രവർത്തികൾ, മേൽക്കൂര എന്നിവയുൾപ്പെടെ 4.3 കോടി ചെലവിലാണ് ഗസ്റ്റ് ഹൗസ് നവീകരിച്ചത്. അതിഥി മന്ദിരങ്ങളിൽ എത്തുന്നവർക്ക് മികച്ച താമസ സൗകര്യം, ഭക്ഷണം, സൗഹൃദപരമായ അന്തരീക്ഷം എന്നിവ സൃഷ്ടിക്കാൻ ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രദ്ധ പുലർത്തണമെന്ന് പരിപാടിയിൽ അധ്യക്ഷനായി പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു പറഞ്ഞു.
സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടിയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, നഗരസഭാ ചെയർമാൻ ടി.കെ. രമേശ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ കെ.ജി. അജീഷ്, ഡി. ഗിരീഷ് കുമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.