ക്രിസ്മസ്, പുതുവത്സരാഘോഷം: വൈദ്യുതി സുരക്ഷ ഉറപ്പാക്കി അപകടം തടയാം
1487827
Tuesday, December 17, 2024 6:04 AM IST
കൽപ്പറ്റ: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതാലങ്കാരം നടത്തുന്പോൾ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി അപകട സാധ്യത തടയണമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുതീകരണം ആവശ്യമുണ്ടെങ്കിൽ അംഗീകൃത ലൈസൻസുള്ള ഇലക്ട്രിക്കൽ കോണ്‍ട്രാക്ടർമാർ മുഖേന ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നു അനുമതി നേടണം. അലങ്കാരത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കണം. വഴിയോരങ്ങളിലും ഓണ്‍ലൈൻ വിൽപനക്കാരിലും നിന്നും വിലക്കുറവിൽ ലഭിക്കുന്ന സാമഗ്രികൾ അപകടത്തിന് കാരണമാകും.
ദീപാലങ്കാരത്തിനായി മെയിൻ സ്വിച്ചിൽ നിന്നു നേരിട്ട് വൈദ്യുതി എടുക്കരുത്. താത്കാലിക ആവശ്യത്തിനായി എടുക്കുന്ന കണക്ഷനിൽ ആർസിസിബി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
വൈദ്യുതാലങ്കാര സർക്യൂട്ടിലും പ്രവർത്തനക്ഷമമായതും 30 എംഎ സെൻസിറ്റിവിറ്റിയുള്ള ആർസിസിബി ഉറപ്പാക്കണം. കൂടുതൽ സർക്യൂട്ടുകളുണ്ടെങ്കിൽ ഓരോന്നിനും ഓരോ ആർസിസിബി നൽകണം. ഐഎസ്ഐ മുദ്രയുള്ള വയറുകൾ / ഉപകരണങ്ങൾ ഉപയോഗിക്കണം. വയറുകളിൽ പൊട്ടലും കേടുപാടുകളുമില്ലെന്ന് ഉറപ്പാക്കണം. ഒൗട്ട്ഡോർ ദീപാലങ്കാരത്തിനെന്ന് അടയാളപ്പെടുത്തിയ ഉപകരണങ്ങൾ തെരഞ്ഞെടുക്കണം. സോക്കറ്റുകളിൽ നിന്ന് വൈദ്യുതിക്ക് അനുയോജ്യമായ പ്ലഗ് ടോപ്പുകൾ ഉപയോഗിക്കണം.
സിംഗിൾ ഫേസ് സപ്ലൈ എടുക്കുന്നതിന് ത്രീ കോർ ഡബിൾ ഇൻസുലേറ്റഡ് വയർ ഉപയോഗിക്കുകയും മൂന്നാമത്തെ വയർ എർത്ത് കണ്ടക്ടറായും ഉപയോഗിക്കണം. കൈയെത്തും ഉയരത്തിൽ ഉപകരണങ്ങൾ, വയറുകളില്ലെന്ന് ഉറപ്പാക്കണം. ജനൽ, വാതിൽ, മറ്റ് ലോഹ ഭാഗങ്ങളിൽ തട്ടുകയോ കുരുങ്ങുകയോ ചെയ്യും വിധത്തിൽ വൈദ്യുതാലങ്കാരം ചെയ്യരുത്. ഫേസിൽ അനുയോജ്യമായ ഫ്യൂസ് /എംസിബിയുണ്ടെന്നുറപ്പാക്കണം. ഫ്യൂസ് പോവുകയോ എംസിബി/ആർസിസിബി ട്രിപ്പാവുകയോ ചെയ്താൽ പരിഹരിച്ച ശേഷം വീണ്ടും ചാർജ് ചെയ്യുക.
എർത്തിംഗ് സംവിധാനത്തിന്റെ പരിരക്ഷ ഉറപ്പാക്കണം. മറ്റുള്ളവരുടെ സ്ഥലങ്ങളിലോ പൊതു ഇടങ്ങളിലോ അനുവാദമില്ലാതെ ദീപാലങ്കാരം നടത്തരുത്. ഒരാൾ മാത്രമുള്ള സമയങ്ങളിൽ വൈദ്യുതി ഉപയോഗിച്ചുള്ള പ്രവർത്തികൾ ചെയ്യരുത്. സുരക്ഷാ മുൻകരുതലുകൾ പാലിച്ച് കരുതലോടെ ആഘോഷങ്ങളുടെ ഭാഗമാകാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.