മുണ്ടക്കൈ ദുരിതബാധിതരോട് കാണിക്കുന്നത് കൊടും ക്രൂരത: ആർ. ചന്ദ്രശേഖരൻ
1487822
Tuesday, December 17, 2024 6:04 AM IST
കൽപ്പറ്റ: മുണ്ടക്കൈ ദുരിതബാധിതരോട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണന അവരോട് ചെയ്യുന്ന കൊടും ക്രൂരതയാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. അവർക്ക് നീതി ലഭിക്കുംവരെ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൽപ്പറ്റയിൽ നടന്ന പി.കെ. ഗോപാലൻ അനുസ്മരണവും ജില്ലാ ജനറൽബോഡി യോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വീടും സ്ഥലവും ഉപജീവനമാർഗങ്ങളും എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതരുടെ പുനരധിവാസത്തിൽ അനങ്ങാപ്പാറ നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. പ്രധാനമന്ത്രി വന്ന് നേരിട്ട് ദുരിതങ്ങൾ മനസിലാക്കിയിട്ടും കൃത്യമായ കണക്ക് കൊടുത്തില്ല എന്ന കാരണം പറഞ്ഞുകൊണ്ട് കേന്ദ്രസർക്കാരും വയനാടിനെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനുവരി 13ന് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കാനും തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. ബി. സുരേഷ് ബാബു, ടി.എ. റെജി, മനോജ് എടാനി, സി.പി. വർഗീസ്, സി. ജയപ്രസാദ്, ഉമ്മർകുണ്ടാട്ടിൽ, അരുണ്‍ ദേവ്, രാധ രാമസ്വാമി, പി.എൻ. ശിവൻ, കെ.കെ. രാജേന്ദ്രൻ, കെ.എം. ഷിനോജ്, ഒ. ഭാസ്കരൻ, ഗിരീഷ് കൽപ്പറ്റ, നജീബ് പിണങ്ങോട്, മോഹൻദാസ് കോട്ടക്കൊല്ലി, താരിഖ് കടവൻ, കെ.യു. മാനു, കെ.എം. വർഗീസ്, ടിജി ചെറുതോട്ടിൽ, ഉഷാകുമാരി, കെ. അജിത, ജയ മുരളി തുടങ്ങിയവർ പ്രസംഗിച്ചു