ജനക്ഷേമ മുന്നേറ്റം: ആം ആദ്മി പാർട്ടി ജില്ലാതല ഉദ്ഘാടനം നടത്തി
1487821
Tuesday, December 17, 2024 6:04 AM IST
അന്പലവയൽ: 2025 തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചു ജനക്ഷേമ മുന്നേറ്റം ജില്ലാതല ഉദ്ഘാടനം ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസണ്‍ ഉദ്ഘാടനം ചെയ്തു.
വയനാടിന്റെ പ്രാദേശിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കാത്ത കേരളം മാറി മാറി ഭരിച്ചവരെയും കേന്ദ്രം ഭരിക്കുന്നവരെയും തിരിച്ചറിയണമെന്നും അവർക്ക് തക്കതായ മറുപടി നൽകാൻ വയനാട്ടുകാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല അഭിമുഖീകരിക്കുന്ന രാത്രിയാത്ര നിരോധനം, ചുരം ഗതാഗതകുരുക്ക്, വന്യമൃഗശല്യം, കാർഷിക മേഖലയിലെ പ്രതിസന്ധികൾ, മുണ്ടക്കൈ ദുരന്തബാധിതരോട് കാണിക്കുന്ന നീതികേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരുകൾ തയാറാകാത്തത് വയനാടൻ ജനതയോട് കാണിക്കുന്ന ക്രൂരതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് ഡോ. സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അരുണ്‍, നവീൻ ജി. നാധാമണി, ഡോ. സെലിൻ ഫിലിപ്പ്, പോൾസണ്‍ തോമാട്ടുചാൽ എന്നിവർ പ്രസംഗിച്ചു.