ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം: പ്രതിഷേധം ശക്തം
1487825
Tuesday, December 17, 2024 6:04 AM IST
കൽപ്പറ്റ: മാനന്തവാടിയിൽ ആദിവാസി യുവാവിനെ അക്രമികൾ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി. സംഭവത്തിൽ വയനാട് ജില്ലാ കളക്ടറോട് വിവരങ്ങൾ തേടി പ്രിയങ്ക ഗാന്ധി എംപി. സംഭവത്തിൽ കർശന നടപടി വേണമെന്നും മാതൃകപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
ആദിവാസികളെ മനുഷ്യഗണത്തിൽ ഉൾപ്പെടുത്തുന്നില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം പയ്യന്പള്ളി കുടൽ കടവിൽ നടന്നതെന്ന് ആദിവാസി നേതാവ് സി.കെ. ജാനു പ്രതികരിച്ചു. ഇത്തരം ക്രിമിനുകളെ അകത്ത് ഇടണമെന്നും ആദിവാസികൾക്കെതിരാണ് ഇവിടുത്തെ ഭരണകൂടമെന്നും ഇതിനെതിരേ ശക്തമായ ഇടപെടൽ ആദിവാസിസമൂഹത്തിൽ നിന്ന് ഉണ്ടാകുമെന്നും സി.കെ. ജാനു പറഞ്ഞു.
താലിബാനിസം നടത്തുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മരവയൽ. സംഭവത്തിൽ തികഞ്ഞ അനാസ്ഥയാണ് അധികൃതർ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. വിനോദ സഞ്ചാരത്തിന്റെ മറവിൽ സാമൂഹിക വിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള ഇടമല്ല വയനാടെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു. മാതനെ മർദിച്ചവർക്കെതിരേ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്ന അദ്ദേഹം ആവശ്യപ്പെട്ടു.
ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ ആദിവാസി മഹാസഭ ആവശ്യപ്പെട്ടു. ആദിവാസികൾക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും വർധിച്ചുവരികയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ജില്ലാ പ്രസിഡന്റ് ടി. മണി പറഞ്ഞു. മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുന്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മാതനെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയലക്ഷ്മി. പ്രതികൾക്കെതിരെ എസ്സിഎസ്ടി അതിക്രമം തടയൽ നിയമപ്രകാരംകൂടി കുറ്റംചുമത്തണം. കേരളത്തിന്റെ പല ഭാഗത്തും പട്ടിക വർഗ സമൂഹത്തിനെതിരേ അതിക്രമങ്ങൾ വർധിക്കുന്ന പശ്ചാതലത്തിൽ സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ: മാനന്തവാടി കുടൽകടവിൽ, ടൂറിസ്റ്റുകളുടെ പ്രശ്നത്തിൽ ഇടപെട്ട ആദിവാസി യുവാവിനെ മർദിച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്. വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് നിർദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചെക്കുഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളിയുണ്ടായപ്പോൾ ഇടപെട്ട പ്രദേശവാസിയായ മാതനെ റോഡിലൂടെ വലിച്ചിഴച്ചതായാണ് പരാതി. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച കുടൽകടവ് സ്വദേശി മാതന് കൈക്കാലുകൾക്കും നടുവിനും ഗുരുതരമായി പരിക്കേറ്റു.