എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം ക്രിസ്മസ് ആഘോഷിച്ചു
1487566
Monday, December 16, 2024 6:12 AM IST
മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ അമലോദ്ഭവമാതാ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ക്രിസ്തുദേവൻ പകർന്നുതന്ന സ്നേഹത്തിന്റെയും സഹനത്തിന്റെയും മാതൃക ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ക്രിസ്മസ് ആഘോഷം ഉതകണമെന്ന് അദ്ദേഹം പറഞ്ഞു.
എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് ഫാ.റോയി വലിയപറന്പിൽ അധ്യക്ഷത വഹിച്ചു. സിഎസ്ഐ മലബാർ രൂപത ബിഷപ് ഡോ.റോയിസ് മനോജ് വിക്ടർ സന്ദേശം നൽകി. നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, അമലോദ്ഭവമാതാ ദേവാലയ വികാരി ഫാ.വില്യം രാജൻ, വിൻസന്റ്ഗിരി സന്യാസസഭാ സുപ്പീരിയർ ജനറൽ സിഫിലോ എസ്സിവി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
ആഘോഷത്തിന്റെ ഭാഗമായി കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ, സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളി അങ്കണങ്ങളിൽനിന്നു അമലോദ്ഭവമാതാ പള്ളി അങ്കണത്തിലേക്ക് റാലി നടന്നു. ഫാ.സോണി വാഴക്കാട്ട്, ഫാ. കോശി ജോർജ്, ഫാ. ബേബി പൗലോസ്, ജയിംസ് മനേലിൽ എന്നിവർ നേതൃത്വം നൽകി. തോമസ് വയനാടിന്റെ വാട്ടർ ഡ്രം ഷോ നടന്നു.