"നമ്മുടെ അക്ഷയ നമ്മുടെ സർക്കാർ’ ബോധവത്കരണ കാന്പയിൻ തുടങ്ങി
1459916
Wednesday, October 9, 2024 6:55 AM IST
കൽപ്പറ്റ: അക്ഷയ സേവനങ്ങൾ പൊതുജനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പരിചയപ്പെടുത്തുകയും അനധികൃത ഓണ്‍ലൈൻ സേവനങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയും നമ്മുടെ അക്ഷയ നമ്മുടെ സർക്കാർ’ ജില്ലാതല ബോധവ്തകരണ കാന്പയിൻ തുടങ്ങി.
അക്ഷയ കേന്ദ്രങ്ങൾക്ക് സമാന്തരമായി അനധികൃത ഓണ്‍ലൈൻ സേവനങ്ങൾ പെരുകുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിൽ വിപലുമായ അക്ഷയ സംരഭരുടെ കൂട്ടായ്മ ഫേസ് ജില്ലയിൽ ബോധവത്കരണ പ്രചാരണങ്ങൾ നടത്തുന്നത്. സംസ്ഥാനത്ത് സർക്കാരിന്റെ ഉത്തരവ് പ്രകാരം അംഗീകൃത ഓണ്‍ലൈൻ സേവന കേന്ദ്രം അക്ഷയ കേന്ദ്രങ്ങൾ മാത്രമാണ്.
സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമാണ് പ്രാദേശികമായി അക്ഷയ കേന്ദ്രങ്ങളുടെ സേവനം ലഭ്യമാക്കുന്നത്. വിവിധ സർക്കാർ, സർക്കാരിതര ഓണ്‍ലൈൻ സേവനങ്ങൾ നിശ്ചിത ഫീസ് മാത്രം ഈടാക്കിയാണ് അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ഇ ഗവർണൻസ് സംവിധാനം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിലും അക്ഷയ കേന്ദ്രങ്ങൾ നിർണായകമായ പങ്കുവഹിക്കുന്നു. അക്ഷയ കേന്ദ്രങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവുകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ബോധവത്കരണ ലഘുലേഖ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ പ്രകാശനം ചെയ്തു.
ജില്ലാ പ്രോഗ്രാം മാനേജർ എസ്.എ. നിവേദ്, ഫോറം ഓഫ് അക്ഷയ സെന്റർ എൻട്രപ്രണേഴ്സ് ജില്ലാ പ്രസിഡന്റ് ജോണ്‍ മാത്യു, വൈസ് പ്രസിഡന്റ് വി.കെ. മധു, ജില്ലാ സെക്രട്ടറി സോണി ആസാദ്, ജസ്റ്റസ് മാത്യു, പി.ആർ. സുഭാഷ്, കെ. രജീഷ്, എബിൻ തോമസ് എന്നിവർ പങ്കെടുത്തു. ബോധവത്കരണ കാന്പയിനിന്റെ ഭാഗമായി ജില്ലയിലെ മുഴവൻ സർക്കാർ പൊതുമേഖല ഓഫീസുകളിലും പൊതുജനങ്ങൾക്കിടയിലും ലഘുലേഖകൾ വിതരണം ചെയ്യും.