വൈദ്യുതി ചാർജ്: എഎപി ജനകീയ തെളിവെടുപ്പ് നടത്തി
1458288
Wednesday, October 2, 2024 5:38 AM IST
കൽപ്പറ്റ: വൈദ്യുതി ചാർജ് വർധിപ്പിക്കുന്നതിനു കെഎസ്ഇബി സമർപ്പിച്ച പ്രപ്പോസൽ പ്രകാരം നാലു ജില്ലകളിൽ മാത്രം റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തിയതിൽ പ്രതിഷേധിച്ച് നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായി ആം ആദ്മി പാർട്ടി ജില്ലയിൽ ജനകീയ തെളിവെടുപ്പ് നടത്തി.
എംജിടി ഹാളിൽ നടത്തിയ തെളിവെടുപ്പിന് പാർട്ടി ജില്ലാ പ്രസിഡന്റ് ഡോ.എ.ടി. സുരേഷ്, ലീഗൽ വിംഗ് പ്രസിഡന്റ് അഡ്വ. സുഗതൻ എന്നിവർ നേതൃത്വം നൽകി. ചെറുകിട ഫ്ളവർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ, കെഎസ്ഇബി ജീവനക്കാർ, കർഷകർ, വ്യാപാരികൾ, സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയർപങ്കെടുത്തു. ബോർഡിനു കീഴിലുള്ള വസ്തുക്കൾ ഉപയോഗിക്കാതെ നശിക്കുന്നതു ഒഴിവാക്കുക, പൊതുജനങ്ങളിൽനിന്നു വൈദ്യുതി ഉപയോഗത്തിനുള്ളതിനു പുറമേ ചാർജുകൾ ഈടാക്കുന്നത് അവസാനിപ്പിക്കുക,
അനാവശ്യ ചെലവുകൾക്ക് പണം കണ്ടെത്താൻ പൊതുജനങ്ങളെ കൊള്ളയടിക്കുന്നത് നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ തെളിവെടുപ്പിൽ പങ്കെടുത്തവർ ഉന്നയിച്ചു. റഗുലേറ്ററി കമ്മീഷൻ എല്ലാ ജില്ലകളിലും തെളിവെടുപ്പ് നടത്തി പൊതുജനങ്ങളുടെ പരാതികൾ കേൾക്കുകയും പരിഹാരത്തിനു ഇടപെടുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹരജിയിൽ കക്ഷി ചേരാൻ വിവിധ സംഘടനകളും വ്യക്തികളും സന്നദ്ധത അറിയിച്ചു.