രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും മറയാക്കി അഴിമതിക്കു ശ്രമം: ബിജെപി
1453857
Tuesday, September 17, 2024 6:45 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും മറയാക്കി വ്യാപക അഴിമതിക്ക് ചിലർ ശ്രമിക്കുന്നതായി ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു. പ്രൈമറി മെമ്മോറാണ്ടം എന്ന പേരിൽ ഓഗസ്റ്റ് 18ന് സമർപ്പിച്ച ധനാഭ്യർഥനയിൽ പുഞ്ചിരിമട്ടം ബെയ്ലി പാലത്തിനുചുവട്ടിൽ കല്ലുകെട്ടിയതിന് ഒരു കോടി രൂപ ചെലവാണ് കാണിക്കുന്നത്.
സന്നദ്ധസംഘടനകൾ ചേർന്നുനടത്തിയ ഭക്ഷണ വിതരണത്തിന്റെ പേരിൽ കോടികളാണ് എഴുതിച്ചേർത്തിരിക്കുന്നത്. 359 മൃതദേഹങ്ങൾ സംസ്കരിക്കാൻ ഒന്നിനു 75,000 രൂപ തോതിലാണ് ചെലവ് കണക്കാക്കിയത്. വിവിധ ആരാധനാലയ സമിതികളും സേവാഭാരതി അടക്കം സന്നദ്ധസംഘടനകളും സൗജന്യമായാണ് സംസ്കാരങ്ങൾ നടത്തിയത്.
ദുരന്തത്തിനിടയിലും കഴുകൻ കണ്ണുകളോടെയാണ് ചിലർ നിലകൊള്ളുന്നത്. ഇവർക്കെതിരേ സമൂഹം ജാഗ്രത പുലർത്തണമെന്നു യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എം. സുബീഷ് അധ്യക്ഷത വഹിച്ചു. ഷാജിമോൻ ചൂരൽമല, ശിവദാസൻ വിനായക, എം.പി. ഋഷികുമാർ, വിജയൻ മഠത്തിൽ, പി.കെ. ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.