കത്തോലിക്ക കോണ്ഗ്രസ് സഭയുടെയും സാമൂഹികനീതിയുടെയും ശബ്ദമാകണം: ബിഷപ് മാർ ജോസ് പൊരുന്നേടം
1453463
Sunday, September 15, 2024 4:32 AM IST
കൽപ്പറ്റ: കത്തോലിക്ക കോണ്ഗ്രസ് സഭയുടെയും സമുദായത്തിന്റെയും സാമൂഹിനീതിയുടെയും ശബ്ദമാകണമെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം. നീതു വരകുകാലായിൽ നഗറിൽ (ഡി പോൾ ഓഡിറ്റോറിയം) കത്തോലിക്ക കോണ്ഗ്രസ് നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകരും കർഷകത്തൊഴിലാളികളും ചെറുസംരംഭകരും അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. കാർഷിക ഉത്പന്നങ്ങളിൽ പലതിനും ന്യായവിലയില്ല. കർഷകന്റെ ജീവനും ജീവനോപാധികൾക്കും സംരക്ഷണമില്ല. ടൂറിസം മേഖലയെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്ന നൂറുകണക്കിന് സാധാരണക്കാരും വലിയ പ്രതിസന്ധിയിലാണ്.
സ്വാഭാവിക നീതിനിഷേധം നേരിടുന്ന ഈ വിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കാൻ കത്തോലിക്ക കോണ്ഗ്രസ് മുന്നിട്ടിറങ്ങണമെന്നും ബിഷപ് പറഞ്ഞു. പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ മാതൃകാപരമായ സേവനം നടത്തിയ കത്തോലിക്ക കോണ്ഗ്രസ് ഭാരവാഹികളായ സജി ഫിലിപ്പ്, ഡിന്റോ ജോസ് എന്നിവരെ ബിഷപ് ആദരിച്ചു.
സാജു പുലിക്കോട്ടിൽ പതാക ഉയർത്തി. രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു.ഡയറക്ടർ ഫാ.ജോബി മുക്കാട്ടുകാവുങ്കൽ ആമുഖപ്രഭാഷണം നടത്തി. കൽപ്പറ്റ ഫൊറോന വികാരി ഫാ.ജോഷി പെരിയപുറം, കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ,
പ്രസിഡന്റ് പ്രഫ.രാജീവ് കൊച്ചുപറന്പിൽ, ജനറൽ സെക്രട്ടറി ഡോ.ജോസുകുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ.ടോണി പുഞ്ചക്കുന്നിൽ, അഡ്വ.ഷീജ, രൂപത സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, ജനറൽ കണ്വീനർ സജി ഫിലിപ്പ്, ഡേവി മങ്കുഴ, മേഖല ഡയറക്ടർ ഫാ.ടോമി പുത്തൻപുര, സുനിൽ പാലമറ്റം അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, മോളി മാമൂട്ടിൽ, വിൽസണ് ചേരവേലിൽ എന്നിവർ പ്രസംഗിച്ചു.
റെനിൽ കഴുതാടിയിൽ പ്രവർത്തനരേഖ അവതരിപ്പിച്ചു. പൊതു ചർച്ചയിൽ ബെന്നി അരിഞ്ചേർമല മോഡറേറ്ററായി. കാർഷിക പ്രമേയം, വിദ്യാഭ്യാസ പ്രമേയം, രാഷ്ട്രീയ പ്രമേയം, സാന്പത്തിക പ്രമേയം എന്നിവ അംഗീകരിച്ചു.