രക്ഷാപ്രവർത്തകരെ ആദരിച്ചു
1452190
Tuesday, September 10, 2024 5:31 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ സന്നദ്ധപ്രവർത്തകരെയും സേനാവിഭാഗങ്ങളെയും വിവിധ വകുപ്പുദ്യോഗസ്ഥരെയും വയനാട് പ്രസ് ക്ലബും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി ആദരിച്ചു.
"കരുതലായവർക്ക് സ്നേഹാദരം’ എന്ന പേരിൽ ചുണ്ടേൽ സെന്റ് ജൂഡ്സ് പാരിഷ് ഹാളിലായിരുന്നു പരിപാടി. ചുണ്ടേൽ ടൗണിൽനിന്നു വാദ്യഘോഷങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകന്പടിയോടെയാണ് രക്ഷാപ്രവർത്തകരെ പാരിഷ് ഹാളിലേക്ക് ആനയിച്ചത്.
ആദരണ സമ്മേളനം റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയി അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി,
ഡിഎസ്സി സെന്റർ കമാൻഡന്റ് കേണൽ പരംവീർ സിംഗ് നാഗ്ര, സിനിമാതാരം അബു സലിം, പോത്തുകല്ല് പഞ്ചാത്ത് പ്രസിഡന്റ് വിദ്യാ രാജൻ, വൈത്തിരി പഞ്ചാത്ത് പ്രസിഡന്റ് എം.വി. വിജേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, പ്രസ് ക്ലബ് സെക്രട്ടറി ജോമോൻ, പി. ഗഗാറിൻ, ടി. മുഹമ്മദ്, ഇ.ജെ. ബാബു എന്നിവർ പ്രസംഗിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ, ട്രഷറർ ജിതിൻ ജോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിന്പനക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.