പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ
1451368
Saturday, September 7, 2024 5:23 AM IST
കൽപ്പറ്റ: പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് എൻഎംഡിസി ഹാളിൽ ചേരുമെന്ന് സംസ്ഥാന ട്രഷറർ സി. പ്രഭാകരൻ, ജില്ലാ പ്രസിഡന്റ് സി.എം. ശിവരാമൻ, ജനറൽ സെക്രട്ടറി പി. അപ്പൻ നന്പ്യാർ, ട്രഷറർ സി.എച്ച്. മമ്മി, കെ.ജെ. ജോണ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അഖിലേന്ത്യ കോ ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് എം. ധർമജൻ ഉദ്ഘാടനം ചെയ്യും. പ്രൊവിഡന്റ് ഫണ്ട് പെൻഷൻകാരോട് ഭരണാധികാരികൾ കൊടിയ ക്രൂരതയാണ് കാട്ടുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 1995 നവംബർ 16ന് രാജ്യത്ത് നിലവിൽവന്നതാണ് എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്). നിലവിൽ ആയിരം രൂപയാണ് ഇപിഎസ് ഗുണഭോക്താക്കൾക്കു മിനിമം പെൻഷൻ.
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഈ തുക പോലും അനേകർക്ക് നിഷേധിക്കുകയാണ്. ജീവിത നിലവാര സൂചികയുമായി പെൻഷൻ പദ്ധതി ബന്ധപ്പെടുത്തിയിട്ടില്ല. രാജ്യസഭാ പെറ്റീഷൻസ് കമ്മിറ്റി 3,000 രൂപ മിനിമം പെൻഷൻ ശിപാർശ ചെയ്തെങ്കിലും പ്രാവർത്തികമായില്ല. ഫണ്ടിൽനിന്നു പലിശയിനത്തിൽ ലഭിക്കുന്ന തുക പോലും പെൻഷൻ വിതരണത്തിനു വിനിയോഗിക്കുന്നില്ല. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് 2022-23ൽ പെൻഷൻ ഫണ്ടിൽ 7,80,308.93 കോടി രൂപയാണുള്ളത്. അതേവർഷം പലിശയായി ലഭിച്ചത് 51,985.82 കോടി രൂപയാണ്.
14,444.6 കോടി രൂപയാണ് പെൻഷൻ നൽകിയത്. ഇപിഎസ് നിലവിൽവന്നതുമുതൽ പലിശ ഇനത്തിൽ ലഭിച്ചതിനേക്കാൾ കൂടുതൽ തുക പെൻഷൻ നൽകേണ്ടിവന്നിട്ടില്ല. 1995-96ൽ പദ്ധതി തുടങ്ങുന്പോൾ 8252.46 കോടി രൂപ ഫാമിലി പെൻഷൻ ഫണ്ടിൽനിന്നു വന്നതാണ്. അക്കൊല്ലം 707.14 കോടി രൂപ പലിശ ലഭിച്ചു. 150.14 കോടി രൂപയാണ് പെൻഷൻ നൽകിയത്. മിനിമം പെൻഷൻ 9,000 രൂപയാക്കണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ നടത്തിവരുന്ന സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.