കൊക്കോയ്ക്ക് വിലയുയർന്നു: വിളനാശം കാരണം കർഷകർക്ക് ഗുണം ലഭിക്കുന്നില്ല
1451057
Friday, September 6, 2024 5:25 AM IST
സുൽത്താൻ ബത്തേരി: കഴിഞ്ഞ ഏതാനം മാസങ്ങളായി വിലയില്ലാതിരുന്ന കൊക്കോയ്ക്ക് വില വർധിച്ചെങ്കിലും ഇതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കൊക്കൊയ്ക്ക് ഉണ്ടായ കേട് വിള വ്യാപകമായി നശിക്കാൻ ഇടയായി.
പച്ചയായ്ക്ക് കിലോയ്ക്ക് നൂറ് രൂപയിൽ മുകളിലാണ് ഇപ്പോൾ വില. അതേസമയം ഉണക്ക കായ്ക്ക് 320 രൂപ മുതൽ മുകളിലാണ് മാർക്കറ്റ് വില. ഉത്പാദക രാജ്യങ്ങളിലുണ്ടായ വിളനാശവും കൊക്കൊയ്ക്കുണ്ടായ അമിത ഡിമാൻഡുമാണ് ഇപ്പോൾ വിലവർധനയ്ക്ക് കാരണമായത്.
ഒരു കാലത്ത് കാപ്പിത്തോട്ടങ്ങളിൽ ഇടവിളയെന്ന നിലക്കും കാപ്പി പറിച്ചുമാറ്റിയുമാണ് കൊക്കോ നട്ടുപിടിപ്പിച്ചത്. വ്യാപകമായി കർഷകർ കൊക്കോ കൃഷിയിലേർപ്പെട്ടതോടെ കൊക്കോയുടെ വില ആഭ്യന്തരവിപണിയിൽ വൻ തോതിൽ കുറഞ്ഞു. ഉൽപ്പാദ ചെലവിന് ആനുപാദികമായ വില കൊക്കൊയിൽ നിന്ന് കിട്ടാതെ വന്നതോടെ കാപ്പി പഠിച്ച് കൊക്കൊ നട്ടവർ കൊക്കൊ പറിച്ച് വീണ്ടും കാപ്പി നട്ടു.
വില വർധിച്ചപ്പോൾ കൊക്കോ വിൽക്കാനുമില്ലാതായി.ലോക വിപണിയിലേക്ക് കൊക്കോ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളായ ഐവറികോസ്റ്റ്, ഘാന, നൈജീരിയ, ഇക്വഡോർ എന്നിവിടങ്ങളിൽ ഉത്പാദനം കുറഞ്ഞതും അതോടൊപ്പം ആഗോള ഉപഭോഗം വർധിച്ചതുമാണ് ഇന്ത്യൻ മൊത്തവ്യാപര മാർക്കറ്റുകളിൽ കൊക്കോ വില ഉയരാനുള്ള പ്രധാന കാരണം. പത്തോളം ഏജൻസികളാണ് കേരളത്തിലെ മലഞ്ചരക്കു കടകളിൽനിന്നും കർഷകരിൽ നിന്നുമായി കൊക്കോ സംഭരിക്കുന്നത്.
എന്നാൽ ആവശ്യമുള്ളതിന്റെ പകുതിപോലും സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നില്ലെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ പെയ്ത മഴ കാരണം പൂക്കൾ വ്യാപകമായി കൊഴിയാനിടയാക്കി.
അതിനാൽ തന്നെ ഇപ്പോഴുണ്ടായ വിലക്കയറ്റം വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ കൊക്കോ കർഷകർക്കു ഗുണം ചെയ്യില്ല. അണ്ണാൻ, കുരങ്ങ്, മരപ്പട്ടി തുടങ്ങിയ ജീവികളിൽ നിന്ന് കൊക്കോയെ സംരക്ഷിച്ച് നിർത്തുകയെന്നതും വെല്ലുവിളിയാണെന്ന് കർഷകർ പറയുന്നു.