മീനങ്ങാടി പഞ്ചായത്തിന് അന്പത്തിയൊന്പത് കോടിയുടെ വാർഷിക ബജറ്റ്
1277885
Wednesday, March 15, 2023 11:54 PM IST
മീനങ്ങാടി: ദാരിദ്യ നിർമാർജ്ജനം, വിശപ്പ് രഹിത സമൂഹം, ആരോഗ്യകരമായ ജീവിതം, ഗുണമേൻമയുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, ശുചിത്വവും ശുദ്ധജലവും, ചെറുകിട വ്യവസായം, കാലാവസ്ഥാ വ്യതിയാനം, സാമൂഹികനീതി പങ്കാളിത്ത പ്രവർത്തനം എന്നീ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകി മീനങ്ങാടി പഞ്ചായത്തിന്റെ 2023-2024 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് കെ.പി. നുസ്രത്ത് അവതരിപ്പിച്ചു.
59.20 കോടി വരവും 57.80 കോടി ചെലവും 1.32 കോടി നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.ഹെൽത്തി ആൻഡ് ഹാപ്പി സ്കൂൾ, ഹാപ്പി ഹോം ഹാപ്പി പാരന്റിംഗ്, കാലാവസ്ഥാ ഉച്ചകോടി, കാർബണ് തുലിത പ്രവർത്തനങ്ങൾ, അത്ലറ്റിക്സ് അക്കാദമി, രണ്ട് കോടി രൂപ ചെലവഴിച്ചുകൊണ്ട് പുതിയ ഇരുപത് ഗ്രാമീണ റോഡുകൾ, ഓർമ്മ മരം, വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ചവർക്ക് റിപ്പബ്ലിക് ദിനത്തിൽ ഗ്രാമപുരസ്കാര വിതരണം, വാർഡുതലത്തിൽ മികച്ച കർഷകർക്ക് കർഷകശ്രീ പുരസ്കാരം, കുട്ടികളുടെ കലാകായിക അഭിരുചി, ശാസ്ത്രബോധം, സാഹിത്യാഭിരുചി, ഭാഷാപരിഞ്ജാനം, മാനസികാരോഗ്യം എന്നിവയുടെ വികാസം ലക്ഷ്യം വച്ചുള്ള സർഗാലയം പദ്ധതി, കാൻസർ ക്ലിനിക്, വന്ദനം വയോജന ക്ഷേമ പരിപാടി, ഗ്രാമോത്സവം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബേബി വർഗീസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. വാസുദേവൻ, വാർഡ് അംഗങ്ങളായ പി.വി. വേണുഗോപാൽ, നാസർ പാലക്കമൂല, പഞ്ചായത്ത് സെക്രട്ടറി എ.എം. ബിജേഷ്, ഹെഡ് ക്ലാർക്ക് പി.വി. ഫൈസൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.