പോളിംഗ് സ്റ്റേഷൻ നിർണയത്തിൽ അപാകതയെന്ന് യുഡിഎഫ്
1591020
Friday, September 12, 2025 5:06 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പോളിങ്ങ് സ്റ്റേഷനുകൾ പുനർക്രമീകരിക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറി വിളിച്ച യോഗം ബഹിഷ്ക്കരിച്ച് യൂഡിഎഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി. 16-ാം വാർഡിലെ പോളിംഗ് സ്റ്റേഷൻ നിർണയിക്കുന്നത് സംബന്ധിച്ച തർക്കമാണ് ഇറങ്ങിപ്പോക്കിൽ കലാശിച്ചത്.
1350 ഓളം വോട്ടർമാരുള്ള വാർഡിൽ അനുവദിക്കുന്ന രണ്ടാമത്തെ പോളിംഗ് സ്റ്റേഷൻ പെരുവണ്ണാമൂഴി ഫാത്തിമ യുപി സ്കൂളിൽ വേണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് യുഡി എഫ് പ്രതിനിധികളായ റെജി കോച്ചേരി, ജെയിംസ് മാത്യു, പെരിഞ്ചേരി കുഞ്ഞമ്മദ് തുടങ്ങിയവരാണ് യോഗത്തിൽ നിന്നും ഇറങ്ങി പോയത്.
രാഷ്ട്രീയ പാർട്ടികളുടെ താൽപര്യങ്ങൾ മാത്രമല്ല വോട്ടർമാരുടെ സൗകര്യം പരിഗണിച്ചാവണം പോളിംഗ് സ്റ്റേഷനുകൾ നിർണയിക്കേണ്ടതെന്ന് ഈ നേതാക്കൾ പറഞ്ഞു. 16-ാം വാർഡിലെ പെരുവണ്ണാമൂഴി ഭാഗത്തുള്ളവർക്ക് ഏകദേശം നാല് കിലോമീറ്ററിലധികം സഞ്ചരിച്ചു വേണം ഇപ്പോൾ നിശ്ചയിച്ച പോളിംഗ് സ്റ്റേഷനിൽ എത്താനെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇത് വോട്ടർമാർക്ക് പ്രയാസം സൃഷ്ടിക്കും. ഈ സാഹചര്യത്തിൽ 16-ാം വാർഡിലെ രണ്ടാം പോളിംഗ് സ്റ്റേഷൻ ഫാത്തിമ യുപി. സ്കൂളിൽ തന്നെ സ്ഥാപിക്കണമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റെജി കോച്ചേരി ആവശ്യപ്പെട്ടു.