മന്ത്രി വാക്കുപാലിച്ചു; അഞ്ചു മാസം നീണ്ട റേഷന്‍ പ്രതിസന്ധിക്കു പരിഹാരമായി
1590503
Wednesday, September 10, 2025 5:21 AM IST
കോഴിക്കോട്: കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) പരിധിയില്‍ റേഷന്‍ വിതരണം തടസപ്പെടുന്നത് പരിഹരിക്കുമെന്ന വാക്ക് പാലിച്ച് സിവില്‍ മന്ത്രി ജി.ആര്. അനില്‍. ഇതോടെ ബേപ്പൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ നിന്നുള്ള റേഷന്‍ സാധനങ്ങളുടെ വിതരണം പഴയതുപോലെ വെള്ളയില്‍ നിന്നുതന്നെയാക്കി. ഇതിനായി താത്കാലികമായി പുതിയ ഗോഡൗണ്‍ സൗകര്യം ഏര്‍പ്പെടുത്തി. ഇതോടെ അഞ്ച് മാസം നീണ്ട റേഷന്‍ വിതരണത്തിലെ പ്രതിസന്ധിക്കു പരിഹാരമായി.
റേഷന്‍ വിതരണം വെള്ളയില്‍ നിന്നാക്കിയതോടെ സിറ്റി പരിധിയിലെ രണ്ടര ലക്ഷത്തിലധികം കാര്‍ഡുടമകള്‍ക്കും റേഷന്‍ ഡീലര്‍മാര്‍ക്കും ആശ്വാസമായി. അസൗകര്യങ്ങള്‍ മൂലം വെള്ളയില്‍ ഗോഡൗണ്‍ ബേപ്പൂരിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് വിതരണ പ്രശ്നമുണ്ടായത്. വെള്ളയിലെ തൊഴിലാളികളില്‍ കുറച്ചുപേരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ബേപ്പൂരിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതോടെ റേഷന്‍ വിതരണം മന്ദഗതിയിലായി.
കോടതി ഇടപെട്ട് തൊഴില്‍ വീതിച്ചെങ്കിലും അവര്‍ക്കിടയിലെ ശീതസമരം തുടര്‍ന്നു. വെള്ളയിലെ തൊഴിലാളികള്‍ക്ക് 75ശതമാനം തൊഴിലും ബേപ്പൂരിലെ തൊഴിലാളികള്‍ക്ക് 25ശതമാനം എന്ന രീതി തൊഴിലാളികള്‍ അംഗീകരിച്ചില്ല. കഴിഞ്ഞ മാസം കോഴിക്കോട്ടെത്തിയ മന്ത്രിയോട് ഡീലര്‍മാര്‍ പ്രശ്നം അവതരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഓണത്തിന് മുമ്പ് പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പ് മന്ത്രി നല്‍കിയത്.
വെള്ളയിലെ തൊഴിലാളികള്‍ക്കാണ് ഗോഡൗണ്‍ മാറ്റത്തെ തുടര്‍ന്ന് കൂടുതല്‍ തൊഴില്‍ നഷ്ടപ്പെട്ടത്. ഇത് പരിഗണിച്ചാണ് കൂടുതല്‍ തൊഴില്‍ അവര്‍ക്കായി വീതിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് 50 ശതമാനം തൊഴില്‍ നല്‍കണമെന്ന് ബേപ്പൂരിലെ തൊഴിലാളികള്‍ വാദിച്ചു.
തുടര്‍ന്നാണ് കയറ്റിറക്ക് മന്ദഗതിയിലായത്. കയറ്റിറക്ക് മന്ദഗതിയിലായതിനെത്തുടര്‍ന്ന് ബേപ്പൂര്‍ ഗോഡൗണിലെ 52 ടണ്ണോളം അരിയും ഗോതമ്പും നശിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. കനത്ത മഴയും ധാന്യം നശിക്കാനിടയാക്കി. ഗോഡൗണ്‍ മാറ്റിയതോടെ വെള്ളയിലെ തൊഴിലാളികളുടെ തൊഴില്‍ നഷ്ടം ഒഴിവായി.