വോട്ടർ പട്ടിക; കാരശേരിയിൽ വ്യാജ വോട്ട് ഇരട്ട വോട്ട് ആരോപണങ്ങളുമായി മുന്നണികൾ
1590819
Thursday, September 11, 2025 7:31 AM IST
മുക്കം: കാരശേരി പഞ്ചായത്തിൽ വോട്ടർ പട്ടിക സംബന്ധിച്ച് ക്രമക്കേട് ആരോപണവുമായി എൽഡിഎഫും യുഡിഎഫും.
പഞ്ചായത്തിലെ നിരവധി വാർഡുകളിൽ വയസാകാത്ത ആളുകളെ പോലും വ്യാജ രേഖ നൽകി വോട്ട് ചേർത്തതായി എൽഡിഎഫ് മെമ്പർമാർ ആരോപിച്ചു. പതിനൊന്നാം വാർഡിലെ കോൺഗ്രസ് നേതാവായ സമാൻ ചാലോളിയുടെ പ്രായ പൂർത്തിയാകാത്ത മകന്റെ വോട്ട് വ്യാജ രേഖ നൽകി ചേർത്തിരിക്കുകയാണന്നും കോൺഗ്രസ് നേതാക്കളുടെ മക്കളുടെ വോട്ട് പോലും പഞ്ചായത്തിന്റെ ഭരണം ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് വ്യാജ രേഖ നൽകിയാണ് ചേർത്തതെന്ന് എൽഡിഎഫ് മെമ്പർമാർ ആരോപിച്ചു.കാരശേരി പഞ്ചായത്തിലെ ഭരണം എങ്ങനെയും പിടിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് ഭരണസമിതി ഇത്തരത്തിൽ വ്യാപകമായി കള്ളവോട്ട് ചേർത്തതായും ഇവർ ആരോപിക്കുന്നു.
അതേ സമയം കൃത്യമായ രേഖകൾ നൽകിയാണ് വോട്ട് ചേർത്തതെന്ന് സമാൻ ചാലൂള പറഞ്ഞു.അതിനിടെ ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീലയുടെ മകൾക്ക് ഇരട്ട വോട്ടെന്ന ആരോപണവുമായി മുസ്ലീം ലീഗും രംഗത്തെത്തി.
വി.പി. ജമീലയുടെ മകൾ ഫാത്തിമ മാഷിദക്ക് ഭർത്താവിന്റെ പഞ്ചായത്തായ കൊടിയത്തൂർ പതിമൂന്നാം വാർഡ് പൊറ്റമ്മലിൽ 941 ക്രമനമ്പറായും സ്വന്തം പഞ്ചായത്തായ കാരശേരിയിലെ എട്ടാം വാർഡ് അള്ളിയിൽ 750ക്രമ നമ്പറായും വോട്ട് ഉണ്ടെന്ന് മുസ്ലീം ലീഗ് കാരശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി സലാം തേക്കുംകുറ്റി പറഞ്ഞു.
കാരശേരി പഞ്ചായത്ത് ഡിലിമിറ്റേഷനുമായി ബന്ധപ്പെട്ടും വോട്ടർ ലിസ്റ്റ് ക്രമീകരണവുമായി ബന്ധപ്പെട്ടും അനധികൃതമായ നിരവധി വോട്ടുകളാണ് ലിസ്റ്റിൽ കടന്നുകൂടിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 1200ൽ കൂടുതൽ വോട്ടർമാർ ഉണ്ടാവാൻ പാടില്ലെന്ന് ഇലക്ഷൻ കമ്മീഷന്റെ നിയമമാണ് എന്നിരിക്കെ രണ്ടായിരത്തിനടുത്ത വോട്ടുകളാണ് പുതുതായി രൂപീകരിച്ച 19 മുരിങ്ങം പുറായി വാർഡിലും 15 വലിയപറമ്പ് വാർഡിലും കുത്തിനിറച്ചിരിക്കുന്നതെന്നും മുസ്ലീം ലീഗ് ആരോപിക്കുന്നു.
എന്നാൽ തന്റെ മകൾ കാരശേരി പഞ്ചായത്തിലാണ് വോട്ട് ചെയ്യുകയെന്നും കൊടിയത്തൂരിലെ വോട്ട് ഒഴിവാക്കാൻ അപേക്ഷ നൽകിയിരുന്നതായും വി.പി. ജമീലയും പറഞ്ഞു.