നിപയില്‍ ജീവിതം വഴിമുട്ടിയ ടിറ്റോയ്ക്കും കുടുംബത്തിനും സര്‍ക്കാരിന്റെ കൈത്താങ്ങ്
1590502
Wednesday, September 10, 2025 5:21 AM IST
17 ലക്ഷം കൈമാറി
കോഴിക്കോട്: നിപ ബാധയെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമായി ചലനശേഷിയില്ലാതെ കഴിയുന്ന ദക്ഷിണകന്നഡ ജില്ലയിലെ മര്‍ദാല അമ്പ്രയില് ടിറ്റോ തോമസിനു (26) സര്‍ക്കാറിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച 17 ലക്ഷം രൂപയുടെ ചെക്ക് തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ മാതാപിതാക്കള്‍ക്ക് കൈമാറി.
കോഴിക്കോട് തഹസില്‍ദാര്‍ എ.എം പ്രേംലാല്‍, ഇഖ്റ ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.പി.സി അന്‍വര്‍, ജെഡിടി ട്രഷറര്‍ ആരിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ടിറ്റോ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ എത്തിയാണ് ധനസഹായം കൈമാറിയത്.
2023ലാണ് ഇഖ്റ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നഴ്സായിരുന്ന ടിറ്റോ തോമസിന് അവിടെ ചികിത്സ തേടിയെത്തിയ ആളില്‍നിന്ന് വൈറസ് ബാധയേറ്റത്. പരിശോധനയില്‍ നിപ എന്‍സഫലൈറ്റിസ് സ്ഥിരീകരിക്കുകയായിരുന്നു. ഒരു മാസം ക്വാറന്റൈനില്‍ കഴിഞ്ഞ് വീട്ടിലേക്കു പോയി. പിന്നീട് അപസ്മാരം വന്നതിനാല്‍ ഇഖ്റ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ഒരു മാസം വെന്റിലേറ്ററില്‍ കഴിഞ്ഞു.
അന്ന് അബോധാവസ്ഥയിലായ ടിറ്റോ പിന്നീട് ഇതുവരെ ജീവിതത്തിലേക്കു തിരിച്ചുവന്നിട്ടില്ല. ചലനമറ്റ് അതേ കിടപ്പാണ്. തൊണ്ടയില്‍ ഘടിപ്പിച്ച ട്യൂബ് വഴിയാണ് ശ്വാസോച്ഛാസം. വയറില്‍ ട്യൂബിട്ടാണ് ഭക്ഷണം നല്‍കുന്നത്.
രോഗം നിപയുടെ പാര്‍ശ്വഫലമാണെന്നു പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് ടിറ്റോ. കൂലി പണിക്കാരനായ ടി.സി തോമസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഷിജോ തോമസണ് സഹോദരന്.