‘നെഞ്ച് പൊട്ടുന്നു, ഹൃദയം നുറുങ്ങുന്നു': മുങ്ങി മരണങ്ങളെക്കുറിച്ചുള്ള ഫയര്‍ സ്റ്റേഷന് ഓഫീസറുടെ കുറിപ്പ് വൈറല്‍
1590500
Wednesday, September 10, 2025 5:21 AM IST
മുക്കം: ‘നെഞ്ച് പൊട്ടുന്നുണ്ട്.. ഹൃദയം നുറുങ്ങുന്നുണ്ട്.. എന്തൊരു വിധിയാണിത്'. മുങ്ങിമരണങ്ങള്‍ തുടര്‍ക്കഥയായ കോഴിക്കോട് കിഴക്കന്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന മുക്കം ഫയര്‍ ഓഫീസര്‍ എം.എ. ഗഫൂറിന്റെ വാക്കുകളാണിത്.
18 വര്‍ഷം മുമ്പ് ഫയര്‍ സര്‍വീസിന്റെ ഭാഗമായ എം.എ. ഗഫൂര്‍ ചൂരല്‍മല, കവളപ്പാറയടക്കം നിരവധി ജീവനുകള്‍ പൊലിഞ്ഞ ദുരന്ത മുഖങ്ങളില്‍ നിന്ന് അനേകം പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ പലപ്പോഴും സ്വയം വരുത്തിവയ്ക്കുന്ന അപകടങ്ങള്‍ കാണുമ്പോള്‍ മനസ് പിടിച്ചു നിര്ത്താനാവുന്നില്ലന്ന് അദേഹം പറയുന്നു.
അടുത്തിടെ തുടര്‍ച്ചയായ രണ്ടു ദിനങ്ങളില്‍ നെഞ്ച ുപൊട്ടി തകര്‍ന്നു വീഴുന്ന രണ്ട് പിതാക്കന്മാരുടെ ദയനീയ മുഖം കണ്ട് മനസ് വല്ലാതെ മരവിച്ച അവസ്ഥയിലാണ്. ഒന്ന് കൊടുവള്ളി മാനിപുരത്തെങ്കില്‍ മറ്റൊന്ന് പുല്ലൂരാംപാറ കുറുങ്കയത്ത്. കൈ വളരുന്നോ കാല് വളരുന്നോ എന്ന് നോക്കി തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനിടയില്‍ മക്കളെ നഷ്ടപ്പെട്ട ആ രണ്ട് പിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെട്ട കരച്ചിലിന് പകരം നല്കാന് ചേതനയറ്റ അവരുടെ മക്കളുടെ മൃതദേഹവുമായി അവരുടെ മുന്നില്‍ നില്‍ക്കേണ്ടി വരുന്നൊരു നിസഹായത അത് അനുഭവിക്കുന്നവര്‍ക്കേ മനസിലാകു...
ഏറെക്കുറെ ഇതേ പ്രായമുള്ള മക്കളുള്ള ഒരു പിതാവല്ലേ ഞാനും. എന്ത് പറയും ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട്? ജലാശയ അപകടങ്ങള്‍ക്ക് അറുതി വരുത്താന്‍ നിരന്തരം ഇടപെടുന്നുണ്ട്. സമൂഹത്തെ ബോധവത്കരിക്കാന്‍ ലഭ്യമായ വേദികളെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്. സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളില്‍ തുടര്‍ച്ചയായി ബോധവത്കരണം നടത്തുന്നുണ്ട്.. എന്നിട്ടും... എം.എ. ഗഫൂറിന്റെ പോസ്റ്റ് തുടരുന്നു. പ്രിയപ്പെട്ടവരേ... മക്കളെ നീന്തല്‍ പഠിപ്പിക്കൂ. മക്കളെ... നിങ്ങള്‍ തിരിച്ചറിവോടെ ജീവിക്കൂ.
പരിചിതമല്ലാത്ത ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും മരണം മാടിവിളിക്കുന്ന മരണക്കുഴികളാണ്.. ഇനിയുമൊരു ജീവന് ജലാശയങ്ങളില്‍ പൊലിയാതിരിക്കാന്‍ മുതിര്‍ന്നവരും കുഞ്ഞുങ്ങളും ന്യൂജനുമൊക്കെ ശ്രദ്ധിച്ചേ മതിയാവു. ഇതൊരപേക്ഷയാണ്. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീര് കാണാന്‍ പോലും ത്രാണിയില്ലാതാവുന്ന ഒരു രക്ഷാ പ്രവര്‍ത്തകന്റെ ദയനീയമായ അപേക്ഷ എന്ന കുറിപ്പോടെയാണ് ഗഫൂറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് അവസാനിക്കുന്നത്.