ഡിജിറ്റല്‍ തട്ടിപ്പിലൂടെ 36 ലക്ഷം കവര്‍ന്നു; ആലപ്പുഴ സ്വദേശി അറസ്റ്റില്‍
1590822
Thursday, September 11, 2025 7:31 AM IST
കോഴിക്കോട്: ഡിജിറ്റല്‍ കറന്‍സി ഇന്വെസ്റ്റ്മെന്റിലൂടെയും ട്രേഡിംഗിലൂടെയും ലാഭം നേടിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനില്‍ നിന്ന് 36 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ആദ്യ അറസ്റ്റ്.
പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം എത്തിയ ബാങ്ക് അക്കൗണ്ടിന്റെ ഉടമയായ ആലപ്പുഴ പഴവീട് ജിതേഷ് ബാബു (50)വിനെയാണ് കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ ലാഭം നേടിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും പരാതിക്കാരനെ തെറ്റിധരിപ്പിച്ചും ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച പണം എത്തിയത് ഇയാളുടെ അക്കൗണ്ടിലേക്കാണ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിച്ചേരുന്ന വലിയ തുകകള്‍ പണമായി മാറ്റുന്ന സംഘത്തില്‍പെട്ട ആളാണോ ഇയാള്‍ എന്നത് കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ വ്യക്തമാക്കാന്‍ സാധിക്കൂവെന്ന് പോലീസ് അറിയിച്ചു.
കംബോഡിയ ബന്ധങ്ങള്‍ ഉള്ളതായി മനസിലാക്കിയ ഈ ഓണ്‍ലൈന്‍ ഇന്‍വെസ്റ്റ്മെന്റ് തട്ടിപ്പു കേസിന്റെ ആദ്യത്തെ ലെയറിലാണ് ഒരു കേരള അക്കൗണ്ട് വന്നത്. പണം വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടുകള്‍ ശേഖരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് നല്കുന്ന സംഘങ്ങള്‍ ഇതിന്റെ പിറകില്‍ ഉണ്ടോയെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ആയ വാട്സാപ്പ് വഴിയും ടെലിഗ്രാം വഴിയും ബന്ധപ്പെട്ട് ഡിജിറ്റല്‍ കറന്‍സി പ്ലാറ്റ് ഫോമിന്റേതെന്ന് തെറ്റിധരിപ്പിക്കുന്ന വ്യാജ വെബ്സൈറ്റ് വഴി നിക്ഷേപം നടത്തി വന്‍തോതില്‍ ലാഭം നേടാമെന്ന് പറഞ്ഞാണ് കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനില്‍ നിന്നും 36 ലക്ഷത്തോളം രൂപ തട്ടിപ്പെടുത്തത്.
സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ കാണുന്ന അമിത ലാഭം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിലും വ്യാജനിക്ഷേപ പ്ലാറ്റുഫോമുകളിലും ആകൃഷ്ടരായി പണം നിക്ഷേപിച്ചു വഞ്ചിതരാകുന്ന കേസുകള്‍ അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞമാസം കോഴിക്കോട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ രണ്ട് കോടിയോളം രൂപയാണ് പരാതിക്കാര്‍ക്ക് നഷ്ടമായത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന്റെ ഇരയാകുകയാണെങ്കില്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.