ചെറൂപ്പ സിഎച്ച്സി വികസനത്തിന് ഹെല്‍ത്ത് ഗ്രാൻഡ് ഉപയോഗിക്കാം
1591018
Friday, September 12, 2025 5:06 AM IST
27.57 ലക്ഷം രൂപ ഉപയോഗപ്പെടുത്തും
കോഴിക്കോട്: ചെറൂപ്പ സിഎച്ച്സിയുടെ വികസന പ്രവൃത്തികള്‍ക്ക് ഹെല്‍ത്ത് ഗ്രാൻഡ് ഉപയോഗിക്കുന്നതിനുള്ള തടസം നീക്കി സര്‍ക്കാര്‍ ഉത്തരവായതായി പി.ടി.എ. റഹീം എംഎല്‍എ അറിയിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മീഷന് അവാര്‍ഡ് പ്രകാരം ഹെല്‍ത്ത് ഗ്രാൻഡ് ഇനത്തില്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച 27.57 ലക്ഷം രൂപയാണ് പൊതുജനാരോഗ്യ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഉപയോഗിക്കാന്‍ പ്രത്യേകാനുമതി നല്‍കിയത്.
ചെറൂപ്പ സിഎച്ച്സി അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍, ആശുപത്രിയുടെ ഭരണ നിയന്ത്രണം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന് കൈമാറി സര്‍ക്കാര്‍ ഉത്തരവായിരുന്നു.
പദ്ധതി നിര്‍വഹണത്തിന് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിനെയും മാവൂര്‍ ഗ്രാമപഞ്ചായത്തിനെയും നിര്‍വഹണ ഉദ്യോഗസ്ഥരായി ചെറൂപ്പ സിഎച്ച്സിയിലെ സിവില്‍ സര്‍ജനെയും അസി. സര്‍ജനെയും നിയോഗിച്ചുള്ള സര്‍ക്കാര്‍ തീരുമാനവും വന്നതോടെ വര്‍ഷങ്ങളായി നിലനിന്ന ഫണ്ട് വിനിയോഗത്തിലുള്ള പ്രതിസന്ധിക്കും പരിഹാരമായി.
ആശുപത്രി പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ജില്ലാ മെഡിക്കല്‍ ഓഫീസറും അംഗങ്ങളായ സബ് കമ്മിറ്റിക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ രൂപം നല്‍കിയിട്ടുണ്ടെന്നും ആശുപത്രി പ്രവര്‍ത്തനം പരാതിക്കിടയാകാത്തവിധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നടത്തിവരുന്നതെന്നും പി.ടി.എ. റഹീം എംഎല്‍എ പറഞ്ഞു.