കേരളത്തിന്റെ ഭരണരംഗങ്ങൾ പൂർണ തകർച്ചയിൽ: മാജൂഷ് മാത്യു
1590818
Thursday, September 11, 2025 7:31 AM IST
കൂരാച്ചുണ്ട്: കഴിഞ്ഞ ഒമ്പത് വർഷക്കാലമായി കേരളത്തിന്റെ ഭരണരംഗങ്ങൾ പൂർണ തകർച്ചയിലാണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു പറഞ്ഞു.
ക്രിമിനലുകളെ സർവീസിൽ നിന്നും പുറത്താക്കുകയെന്ന മുദ്രാവാക്യവുമായി നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന് മുമ്പിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാജൂഷ് മാത്യു. കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കെടുകാര്യസ്ഥതയുടെ അങ്ങേയറ്റത്ത് എത്തിയിരിക്കുകയാണ്. മാത്രമല്ല എല്ലാ ഭരണ വകുപ്പുകളും പൂർണമായി തകർത്തുകൊണ്ട് കേരളത്തെ വികസനത്തിന്റെ പടികളിൽ നിന്നും ചവിട്ടിവീഴിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. രാജീവൻ അധ്യക്ഷത വഹിച്ചു.
കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോസ് വെളിയത്ത്, എ.പി ഷാജി, വിജയൻ പൊയിൽ, ടി.കെ ചന്ദ്രൻ, ഡികെടിഎഫ് നിയോജക മണ്ഡലം പ്രസിഡന്റ് ശശി മങ്ങര, കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷാജു കാരക്കട എന്നിവർ പ്രസംഗിച്ചു. പി.പി ശ്രീധരൻ, മനോജ് അഴകത്ത്, കെ.കെ അബൂബക്കർ, ബിജു മാണി, നുസ്രത്ത് ബഷീർ, ബി.പി ഗോവിന്ദൻകുട്ടി, കെ.പി ഗിരീഷ്, വി.പീതാംബരൻ, ഗീത ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.